ആറു മത്സരങ്ങളിൽ പതിനഞ്ചു ഗോളുകളിൽ പങ്കാളിത്തം, റയലിന്റെ വമ്പൻ വിജയത്തിനൊപ്പം ചരിത്രം കുറിച്ച് ബെൻസിമ


കാർലോ ആൻസലോട്ടി പരിശീലകനായി എത്തിയതിനു ശേഷം ഈ സീസണിൽ അസാമാന്യ കുതിപ്പു കാഴ്ച വെക്കുന്ന റയൽ മാഡ്രിഡ് ഇന്നലെ നടന്ന മത്സരത്തിൽ മയോർക്കയെ ഒന്നിനെതിരെ ആറു ഗോളുകൾക്കു പരാജയപ്പെടുത്തിയപ്പോൾ അതിൽ നാലെണ്ണത്തിലും മുന്നേറ്റനിര താരമായ ബെൻസിമ പങ്കു വഹിച്ചിരുന്നു. രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും മത്സരത്തിൽ സ്വന്തമാക്കിയ താരം ഈ സീസണിൽ തന്റെ ഉജ്ജ്വല ഫോം തുടർന്നു കൊണ്ടിരിക്കയാണ്.
മത്സരത്തിൽ നേടിയ ഗോളുകളിലൂടെ ലാ ലിഗ മത്സരങ്ങളിൽ റയൽ മാഡ്രിഡിനു വേണ്ടി ഇരുനൂറു ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയ താരം ഈ സീസണിലിതു വരെ ആറു മത്സരങ്ങൾ ലീഗിൽ കളിച്ചതിൽ നിന്നും എട്ടു ഗോളും ഏഴ് അസിസ്റ്റുമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഈ നൂറ്റാണ്ടിൽ ലാ ലിഗയിലെ ആദ്യ ആറു മത്സരങ്ങളിൽ ഏറ്റവുമധികം ഗോൾ പങ്കാളിത്തമുള്ള താരമെന്ന നേട്ടമാണ് ബെൻസിമ സ്വന്തമാക്കിയത്.
Real Madrid have scored 21 goals in just six La Liga matches ?
— Goal (@goal) September 22, 2021
Karim Benzema has contributed to 15 of them ? pic.twitter.com/2HxKTu4nkZ
ഒരു ദശാബ്ദത്തിലേറെയായി റയൽ മാഡ്രിഡ് മുന്നേറ്റനിരയിലെ കുന്തമുനയായി കളിക്കുന്ന താരത്തെ മത്സരത്തിനു ശേഷം കാർലോ ആൻസലോട്ടി പ്രശംസ കൊണ്ടു മൂടുകയുണ്ടായി. "ബെൻസിമ കൂടുതൽ ഗോളുകൾ നേടുന്നതു കൊണ്ടു തന്നെ താരം ഒത്തിണക്കം കാണിക്കുന്നതും ഡീപിൽ നിന്നും പന്തെടുത്ത് അസിസ്റ്റുകൾ നൽകുന്നതും നിങ്ങൾ മറക്കാൻ സാധ്യതയുണ്ട്. ഗോളുകൾ മാത്രം നേടുന്ന ഫോർവേഡല്ല ബെൻസിമ, എല്ലാ അർത്ഥത്തിലും താരം പൂർണനാണ്."
"ബെൻസിമക്ക് തളർച്ച തോന്നുകയാണെങ്കിൽ ഞങ്ങൾ ലൂക്ക ജോവിച്ചിനെ ഇറക്കും. കാരണം താരവും നല്ല രീതിയിൽ കളിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഇങ്ങിനെയൊരു താരത്തോട് മത്സരിക്കേണ്ടി വന്നത് ജോവിച്ചിനെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ കുറച്ചു മാത്രമേ കളിക്കുന്നുള്ളൂവെങ്കിലും താരം മികവു കാണിക്കുന്നുണ്ട്. ഇന്ന് രണ്ടു തവണ ഗോളിനടുത്തെത്തിയ താരം വലൻസിയയുമായി നടന്ന മത്സരത്തിലും മികച്ചു നിന്നിരുന്നു. ബെൻസിമക്ക് വിശ്രമം ആവശ്യമുള്ളപ്പോൾ താരം കളിക്കും." ആൻസലോട്ടി പറഞ്ഞു.
ബെൻസിമ രണ്ടു ഗോൾ നേടിയതിനു പുറമെ അസെൻസിയോ നേടിയ ഹാട്രിക്കാണ് മത്സരം റയൽ മാഡ്രിഡിന് എളുപ്പമാക്കിയത്. ആൻസലോട്ടിക്ക് കീഴിൽ അവസരങ്ങൾ കുറഞ്ഞ അസെൻസിയോ തന്റെ പ്രതിഭ തെളിയിച്ചപ്പോൾ സമാനമായ അവസ്ഥ നേരിടുന്ന ഇസ്കോയും ഗോൾ കണ്ടെത്തിയെന്നത് റയലിന് സീസണിൽ വളരെയധികം ആത്മവിശ്വാസം നൽകുന്നു. വിജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്തു തുടരുകയാണ് ലോസ് ബ്ലാങ്കോസ്.