Football in Malayalam

"ആർക്കും മുൻതൂക്കമില്ല"- ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനു മുൻപ് പിഎസ്‌ജിയുമായി നടന്ന മത്സരമോർമിപ്പിച്ച് ബെൻസിമ

Sreejith N
Benzema Says No Favorites In Chelsea-Real Madrid UCL Clash
Benzema Says No Favorites In Chelsea-Real Madrid UCL Clash / Anadolu Agency/GettyImages
facebooktwitterreddit

നാളെ രാത്രി നടക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിൽ ചെൽസിയുടെ മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്‌ജിൽ റയൽ മാഡ്രിഡ് ഇറങ്ങുമ്പോൾ ഏതെങ്കിലുമൊരു ടീമിന് കൂടുതൽ വിജയസാധ്യതയുണ്ടെന്നു പറയാൻ കഴിയില്ലെന്ന് ടീമിന്റെ സ്റ്റാർ സ്‌ട്രൈക്കറായ കരിം ബെൻസിമ. പിഎസ്‌ജിയുമായി നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ സംഭവിച്ചതും ബെൻസിമ ഓർമിപ്പിച്ചു.

ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിന്റെ ആദ്യപാദത്തിൽ തോറ്റ റയൽ മാഡ്രിഡ് ബെൻസിമയുടെ ഹാട്രിക്ക് മികവിൽ രണ്ടാം പാദം വിജയിച്ചാണ് ക്വാർട്ടറിൽ എത്തിയത്. അതേസമയം കഴിഞ്ഞ സീസണിലെ ഫ്രഞ്ച് ചാമ്പ്യന്മാരായ ലില്ലെക്കെതിരെ ചെൽസി 4-1ന്റെ വിജയമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ചെൽസിയോട് തോറ്റാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോകുന്നതും.

"ഒരു ടീമിനും മുൻതൂക്കമില്ല. പിഎസ്‌ജി-റയൽ മത്സരം നോക്കൂ. ആദ്യപാദത്തിൽ ഞങ്ങൾക്കായിരുന്നു സാധ്യതയുണ്ടായിരുന്നത്. എന്നാൽ രണ്ടാം പാദത്തിൽ എല്ലാവരും വളരെയധികം സാധ്യത പിഎസ്‌ജിക്ക് കൽപ്പിച്ചു. അതിലൊന്നും ഒരു കാര്യവുമില്ല. ചെൽസി ഒരു മികച്ച ടീമാണ്, ഞങ്ങൾ നല്ലൊരു ഫലം ലഭിക്കുന്നതിനായി അവിടെ പോകുന്നു." ബെൻസിമ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ റയൽ മാഡ്രിഡ് ചെൽസിയോട് തോൽവി നേരിട്ടെങ്കിലും ഇത്തവണ ആ ഫലം പ്രതീക്ഷിക്കാൻ കഴിയില്ലെന്നു വ്യക്തമാണ്. നിരവധിയായ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ചെൽസിക്ക് മൈതാനത്ത് സ്ഥിരത ലഭിക്കുന്നില്ല. കഴിഞ്ഞ മത്സരത്തിൽ അവർ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബ്രെന്റഫോഡിനോട് തോൽവി വഴങ്ങുകയും ചെയ്‌തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit