ഫുട്ബോളിൽ നിന്നും വിരമിച്ചതിനു ശേഷം പരിശീലകനാവാനുള്ള സാധ്യത വിദൂരമല്ലെന്ന് കരിം ബെൻസിമ
By Sreejith N

ഫുട്ബോളിൽ നിന്നും വിരമിച്ചതിനു ശേഷം പരിശീലകനായി എത്താനുള്ള സാധ്യത തള്ളിക്കളയാതെ ഫ്രഞ്ച് സൂപ്പർതാരം കരിം ബെൻസിമ. കഴിഞ്ഞ ബുധനാഴ്‌ച എഫ്‌സിഎം ഒബെർവില്ലിയേഴ്‌സ് അക്കാദമിയിലെ യുവതാരങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴാണ് ബെൻസിമ ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന കരിം ബെൻസിമ ഈ സീസണിൽ റയൽ മാഡ്രിഡിന് രണ്ടു കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ്. തന്റെ അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡിനൊപ്പം നേടിയ താരം ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച താരമായും മാറിയിരുന്നു.
"പരിശീലകൻ? എനിക്കറിയില്ല, ചിലപ്പോൾ.. എന്തു കാര്യത്തിൽ ആയാലും ഞാൻ ഫുട്ബോൾ ഇഷ്‌ടപ്പെടുന്നു. അതിനാൽ തന്നെ അത് അവസാനിപ്പിക്കുന്ന സമയം ഞാനൊരു പരിശീലകൻ ആവാനുള്ള സമയം വളരെ വിദൂരമല്ല. നമുക്ക് നോക്കാം." ബെൻസിമ പറഞ്ഞു.
ഈ സീസണിൽ സ്വന്തമാക്കിയ നേട്ടങ്ങൾ കാരണം വരുന്ന ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെടുന്ന താരവും കരിം ബെൻസിമ തന്നെയാണ്. നിലവിൽ അടുത്ത സീസൺ അവസാനിക്കുന്നതു വരെ മാത്രം റയൽ മാഡ്രിഡുമായി കരാറുള്ള താരം ക്ലബിനൊപ്പം പുതിയ കരാർ ഒപ്പിടുന്ന കാര്യത്തിൽ ചർച്ചകൾ നടത്തുകയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.