തന്നെ കൂടുതൽ മികച്ചതാവാൻ സഹായിച്ചത് റൊണാൾഡോയാണെന്ന് കരിം ബെൻസിമ
By Sreejith N

റയൽ മാഡ്രിഡിൽ സഹതാരങ്ങളായി കളിച്ചിരുന്ന സമയത്ത് റൊണാൾഡോ നടത്തിയ പ്രകടനത്തെ കൃത്യമായി വിലയിരുത്തി മനസിലാക്കിയത് തന്നെ മികച്ച താരമാവാൻ സഹായിച്ചിട്ടുണ്ടെന്ന് കരിം ബെൻസിമ. 2009ലെ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ലിയോണിൽ നിന്നും രണ്ടു താരങ്ങളും ക്ലബ്ബിലേക്ക് ചേക്കേറുന്നത്.
റയൽ മാഡ്രിഡിൽ എത്തിയതിനു പിന്നാലെ തന്നെ ഫോം കണ്ടെത്താനും ക്ലബിന്റെ പ്രധാനതാരമായി മാറാനും റൊണാൾഡോക്ക് കഴിഞ്ഞെങ്കിൽ ബെൻസിമ ചുവടുറപ്പിച്ചത് പതുക്കെയായിരുന്നു. എന്നാൽ റൊണാൾഡോ ക്ലബ് വിട്ടതിനു ശേഷം റയൽ മാഡ്രിഡിന്റെ കുന്തമുനയായി മാറിയ ബെൻസിമ നിലവിൽ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് കളിക്കുന്നത്.
Karim Benzema wanted to learn from Cristiano Ronaldo 🧐 pic.twitter.com/F9YnkTjPqi
— GOAL Africa (@GOALAfrica) June 2, 2022
"റൊണാൾഡോ ചെയ്യുന്നതെന്താണെന്ന് കണ്ടതിനു ശേഷം ഞാൻ താരത്തിന്റെ ചലനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചു. ഡ്രിബ്ലിങ്, പാസിംഗ്, ബോൾ കൈകാര്യം ചെയ്യൽ, ഫിനിഷിങ് എന്നിങ്ങളെ താരത്തിന്റെ എല്ലാ കാര്യങ്ങളും ഞാൻ കൃത്യമായി പരിശോധിച്ച് മനസിലാക്കുകയുണ്ടായി." ഒൻസെ മോണ്ടിയലിനോട് ബെൻസിമ പറഞ്ഞു.
"എന്നാൽ അതെ കാര്യങ്ങൾ നേടിയെടുക്കുക അസാധ്യമായിരുന്നു. ഒരുപാട് കാര്യങ്ങൾ ഇപ്പോഴും എന്റെ മനസിലുണ്ട്. എനിക്ക് കൂടുതൽ കിരീടങ്ങളും ചാമ്പ്യൻസ് ലീഗും വേണം, ദേശീയ ടീമിനൊപ്പം ലോകകപ്പും നേടണം. അതൊക്കെയാണ് എന്റെ സ്വപ്‌നം." ബെൻസിമ വ്യക്തമാക്കി.
ഈ സീസണിൽ റയൽ മാഡ്രിഡ് ലാ ലിഗയും ചാമ്പ്യൻസ് ലീഗും നേടാൻ ബെൻസിമയുടെ പ്രകടനം നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്. അതിനു പുറമെ ഫ്രാൻസിനൊപ്പം യുവേഫ നേഷൻസ് ലീഗും താരം സ്വന്തമാക്കി. അടുത്ത ബാലൺ ഡി ഓർ പുരസ്‌കാരവും ബെൻസിമ തന്നെയാണ് നേടുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.