മറ്റൊരു പുരസ്‌കാരം കൂടി സ്വന്തമാക്കി ബെൻസിമ, റയലിൽ തന്റെ ഏറ്റവും മികച്ച വർഷമാണു കഴിഞ്ഞതെന്ന് താരം

Real Madrid CF v Elche CF - La Liga Santander
Real Madrid CF v Elche CF - La Liga Santander / Eurasia Sport Images/GettyImages
facebooktwitterreddit

കഴിഞ്ഞ ഏതാനും സീസണുകളായി റയൽ മാഡ്രിഡിന്റെ കുന്തമുനയായി കളിക്കുന്ന കരിം ബെൻസിമയെ തേടി മറ്റൊരു പുരസ്‌കാരം കൂടി. മാഡ്രിഡ് സ്പോർട്സ് പ്രസ് നൽകുന്ന ഏറ്റവും മികച്ച കായികതാരത്തിനുള്ള അവാർഡാണ് ഫ്രഞ്ച് താരം സ്വന്തമാക്കിയത്. കോപ്പ ഡെൽ റേ മത്സരത്തിനു തയ്യാറെടുക്കുന്ന ബെൻസിമ പുരസ്‌കാരചടങ്ങിൽ പങ്കെടുത്തില്ലെങ്കിലും ട്രോഫിയുമായി നിൽക്കുന്ന ചിത്രം പങ്കു വെക്കുകയുണ്ടായി.

"ഈ പുരസ്‌കാരം സ്വന്തമാക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷവും അഭിമാനവുമുണ്ട്. ഇക്കഴിഞ്ഞു പോയത് എന്റെ ഏറ്റവും മികച്ച വർഷമായിരുന്നു. ഞാൻ ഒരുപാട് ഗോളുകൾ നേടുകയും ഒരുപാട് ഗോളുകൾക്ക് വഴിയൊരുക്കുകയും ടീമിനെ വിജയങ്ങൾക്കായി സഹായിക്കുകയും ചെയ്‌തു." റയൽ മാഡ്രിഡ് ടിവിയോട് സംസാരിക്കുമ്പോൾ ബെൻസിമ പറഞ്ഞു.

"റയൽ മാഡ്രിഡിനെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാന ലക്‌ഷ്യം എല്ലാ കിരീടങ്ങളും നേടുകയെന്നതും എല്ലാ ടൂർണ്ണമെന്റുകളും വിജയിക്കുക എന്നതുമാണ്. ഞങ്ങൾ മികച്ച പ്രകടനം നടത്തുന്നുണ്ട്, ഞങ്ങൾ എല്ലാ മത്സരങ്ങളിലും സജീവമായി തുടരുന്നുണ്ട്. ഞങ്ങൾ നന്നായി അധ്വാനിച്ച് ഈ സീസണിൽ എല്ലാ കിരീടങ്ങൾക്കും വേണ്ടി പോരാടും." ബെൻസിമ വ്യക്തമാക്കി.

ഈ സീസണിലിതു വരെ ഇരുപത്തിയെട്ടു മത്സരങ്ങളിലാണ് ഫ്രഞ്ച് താരം കളിക്കാനിറങ്ങിയിരിക്കുന്നത്. ഇത്രയും മത്സരങ്ങളിൽ നിന്നും ഇരുപത്തിനാലു ഗോളുകൾ നേടിയ താരം അതിനു പുറമെ ഒൻപത് അസിസ്റ്റും സ്വന്തമാക്കി കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് കളിക്കുന്നത്. ലീഗിൽ മാത്രം പതിനേഴു ഗോളും ഏഴ് അസിസ്റ്റും സ്വന്തമാക്കിയ താരത്തിന്റെ പ്രകടനമാണ് റയലിനെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിർത്തുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.