എൽഷെയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരത്തിനിടെ ബെൻസിമയുടെ വീടു കുത്തിത്തുറന്ന് മോഷണം

Real Madrid v  Elche - La Liga Santander
Real Madrid v Elche - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

എൽഷെയും റയൽ മാഡ്രിഡും തമ്മിൽ നടന്ന സ്‌പാനിഷ്‌ ലീഗ് മത്സരത്തിനിടെ കരിം ബെൻസിമയുടെ വീടു കുത്തിത്തുറന്ന് മോഷണം. സ്‌പാനിഷ്‌ മാധ്യമമായ 20 മിനുട്ടോസിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.

റിപ്പോർട്ടുകൾ പ്രകാരം ഗാർഡനിലൂടെയാണ് ബെൻസിമയുടെ ആഡംബരവസതിയിലേക്ക് മോഷ്‌ടാക്കൾ എത്തിയത്. ആ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മോഷ്‌ടാക്കളുടേയും അവിടെ നിന്നും മോഷ്ടിക്കപ്പെട്ട സാധനങ്ങളുടെയും വിവരങ്ങൾ ലഭ്യമല്ല.

ഇതാദ്യമായല്ല ബെൻസിമയുടെ വീട്ടിൽ മോഷണം നടക്കുന്നത്. 2019ൽ ബാഴ്‌സലോണക്കെതിരെ നടന്ന മത്സരത്തിനിടെയും താരത്തിന്റെ വീട്ടിൽ മോഷ്‌ടാക്കൾ കയറിയിരുന്നു. അന്നും മോഷ്ടിക്കപ്പെട്ട സാധനങ്ങളുടെയും വിവരങ്ങൾ ലഭ്യമായിരുന്നില്ല.

ബെൻസിമയെ സംബന്ധിച്ച് ഒരു മോശം ദിവസമായിരുന്നു ഇന്നലത്തേത്. എൽഷെക്കെതിരെ റയൽ മാഡ്രിഡ് സമനില വഴങ്ങിയ മത്സരത്തിൽ താരം ആദ്യപകുതിയിൽ ഒരു പെനാൽറ്റി നഷ്‌ടമാക്കിയിരുന്നു. ഇതിനു പുറമെ രണ്ടാം പകുതിയിൽ പരിക്കേറ്റ താരത്തിന് കളിക്കളത്തിൽ നിന്നും പുറത്തു പോകേണ്ടിയും വന്നു.

ഈ സീസണിൽ റയൽ മാഡ്രിഡിനായി തകർപ്പൻ ഫോമിലാണ് ബെൻസിമ കളിക്കുന്നത്. 21 ലീഗ് മത്സരങ്ങളിൽ നിന്നും 17 ഗോളും 7 അസിസ്റ്റും സ്വന്തമാക്കിയ താരം ചാമ്പ്യൻസ് ലീഗിൽ അഞ്ചു ഗോളും സ്പാനിഷ് സൂപ്പർ കപ്പിൽ രണ്ടു ഗോളും സ്വന്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.