Football in Malayalam

റയൽ മാഡ്രിഡിനു ബാധ്യതയാകാനില്ല, 2024 വരെ കരാർ പുതുക്കാനുള്ള ഓഫർ നിരസിച്ച് കരിം ബെൻസിമ

Sreejith N
Real Madrid v Villarreal CF - La Liga Santander
Real Madrid v Villarreal CF - La Liga Santander / Denis Doyle/Getty Images
facebooktwitterreddit

റയൽ മാഡ്രിഡ് സ്‌ട്രൈക്കറായ കരിം ബെൻസിമ ക്ലബുമായുള്ള കരാർ പുതുക്കുന്നതിനു വേണ്ടി തയ്യാറെടുക്കുന്നു. നിലവിൽ ഒരു വർഷത്തെ കരാർ ബാക്കിയുള്ള ഫ്രഞ്ച് താരം ഒരു വർഷത്തേക്കു കൂടിയാണ് അതു പുതുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം 2024 വരെ കരാർ പുതുക്കാൻ റയൽ മാഡ്രിഡ് നൽകിയ വാഗ്‌ദാനം ബെൻസിമ നിരസിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എബിസി ഡിപോർട്ടസിന്റെ റിപ്പോർട്ടുകൾ പ്രകാരം തന്റെ പ്രകടനത്തിന്റെ നിലവാരത്തെ സംബന്ധിച്ച ആശങ്കയാണ് റയൽ മാഡ്രിഡിൽ മൂന്നു വർഷം കൂടി തുടരാനുള്ള ഓഫർ ബെൻസിമ നിഷേധിക്കാൻ പ്രധാന കാരണം. നിലവിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഭാവിയിൽ മികവു പുലർത്താൻ കഴിഞ്ഞില്ലെങ്കിൽ ടീമിനൊരു ബാധ്യതയാവാൻ തനിക്കു താൽപര്യമില്ലെന്ന് ക്ലബ് നേതൃത്വത്തെ ബെൻസിമ അറിയിച്ചിട്ടുണ്ട്.

നിലവിൽ 2023 വരെ കരാർ പുതുക്കാൻ സമ്മതമറിയിച്ച മുപ്പത്തിമൂന്നു വയസുള്ള താരം അടുത്ത സീസണിൽ വേതനത്തിന്റെ പത്തു ശതമാനവും കരാർ പ്രകാരമുള്ള അവസാന സീസണിൽ പ്രതിഫലത്തിന്റെ പതിനഞ്ചു ശതമാനവും കുറക്കാൻ തയ്യാറായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എംബാപ്പെ റയലിലെത്താൻ സാധ്യത ഉണ്ടെന്നിരിക്കെ അടുത്ത സീസണു ശേഷം ബെൻസിമയുടെ കാര്യത്തിൽ റയലിനു വേണ്ട തീരുമാനമെടുക്കാനും പുതിയ കരാർ അനുവദിക്കുന്നു.

റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിനു ശേഷം ക്ലബിന്റെ ഏറ്റവും മികച്ച താരമായി വളർന്ന ബെൻസിമ കഴിഞ്ഞ മൂന്നു സീസണുകളിലായി 87 ഗോളുകളാണ് അടിച്ചു കൂട്ടിയിട്ടുള്ളത്. കഴിഞ്ഞ സീസണിലെ പ്രകടനം അഞ്ചു വർഷങ്ങൾക്ക് ശേഷം ഫ്രാൻസ് ടീമിലേക്കുള്ള താരത്തിന്റെ തിരിച്ചു വരവിനും വഴിയൊരുക്കിയിരുന്നു.

facebooktwitterreddit