Football in Malayalam

സാഹസത്തിനു മുതിരില്ലെന്ന് ബെൻസിമ, പിഎസ്‌ജിക്കെതിരെ ഇറങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിൽ താരം

Sreejith N
Real Madrid CF v Elche CF - La Liga Santander
Real Madrid CF v Elche CF - La Liga Santander / Gonzalo Arroyo Moreno/GettyImages
facebooktwitterreddit

പിഎസ്‌ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കുന്ന കാര്യത്തിൽ യാതൊരു ഉറപ്പും നൽകാതെ ടീമിലെ സൂപ്പർതാരമായ കരിം ബെൻസിമ. കഴിഞ്ഞ മാസം എൽഷെക്കെതിരെ നടന്ന ലീഗ് മത്സരത്തിൽ പരിക്കു പറ്റി പുറത്തായതിനു ശേഷം ഇതുവരെ ഒരു മത്സരത്തിൽ പോലും ഇറങ്ങിയിട്ടില്ലാത്ത താരം തിരിച്ചു വരാൻ വേണ്ടിയുള്ള കഠിനമായ പരിശ്രമത്തിലാണെന്ന് വ്യക്തമാക്കി. സീസൺ ഇനിയുമുള്ളതിനാൽ ഫിറ്റ്നസ് നഷ്‌ടമാകുന്ന തരത്തിൽ ഒരു സാഹസത്തിനു മുതിരില്ലെന്നും ബെൻസിമ പറഞ്ഞു.

"ഞാൻ ഒരുപാട് അദ്ധ്വാനിച്ചു, എനിക്ക് കൂടുതൽ മെച്ചപ്പെട്ടതായും തോന്നുന്നു. ഞങ്ങൾക്ക് ഇനിയൊരു ട്രെയിനിങ് സെഷനുള്ളതിൽ കളിക്കാൻ കഴിയുമോ എന്നു മനസിലാക്കാൻ കഴിയും. അതു കൂടുതൽ ലഭിച്ചാലേ മൈതാനത്ത് ഇറങ്ങിയതു പോലെ തോന്നുകയുള്ളൂ." മാധ്യമങ്ങളോട് സംസാരിക്കെ ബെൻസിമ പറഞ്ഞു.

"ഞാനെന്റെ ടീമിനു വേണ്ടി എപ്പോഴും പൊരുതും, അതല്ലെങ്കിൽ ഞാൻ റയൽ മാഡ്രിഡിൽ തുടരില്ലായിരുന്നു. എനിക്ക് കൂടുതൽ പരിക്കു പറ്റാൻ ആഗ്രഹമില്ല. ട്രെയിനിങ്ങിൽ നമുക്ക് നോക്കാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം മാനസികമായി നൂറു ശതമാനം തയ്യാറാവുകയെന്നാണ്. സുഖം പ്രാപിച്ച് പരിശീലനത്തിൽ എന്താകുമെന്ന് നോക്കണം. എന്നിട്ടേ നാളത്തെ മത്സരത്തിന്റെ കാര്യം അറിയാനാകൂ."

"നമ്മൾ മൈതാനത്തിറങ്ങുന്നില്ലെങ്കിൽ കാര്യങ്ങൾ സങ്കീർണമാണ്. ഞാൻ വാൽഡബെബാസിലും വീട്ടിലും ഫിറ്റ്നസ് വീടെടുക്കാനുള്ള ശ്രമത്തിലാണ്. എന്റെ മനസ്സിൽ ഞാൻ തയ്യാറെടുത്തു കഴിഞ്ഞു എന്നാണെങ്കിലും ശാരീരികപരമായിക്കൂടി നോക്കേണ്ടതുണ്ട്. ഒരു വമ്പൻ പോരാട്ടമായതിനാൽ തന്നെ നാളെ കളിക്കേണ്ടി വന്നാൽ ഞാൻ എല്ലാം നൽകും."

"ഞാനില്ലാതെയും ഈ ടീമിനു വിജയം നേടാൻ കഴിയും. പക്ഷെ ഞാൻ അവിടെയുണ്ടാകാൻ എല്ലാം ചെയ്യും. ഒരു ട്രെയിനിങ് സെഷൻ ബാക്കിയുള്ളതിൽ എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ. പക്ഷെ സീസൺ വളരെ നീണ്ടതായതിനാൽ ഞങ്ങൾ ഒരു സാഹസത്തിനു മുതിരേണ്ടതില്ല." ബെൻസിമ വ്യക്തമാക്കി.

ബെൻസിമ പിഎസ്‌ജിക്കെതിരെ ആദ്യ ഇലവനിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. മത്സരത്തിന്റെ ഗതി വിലയിരുത്തി താരത്തിന് ഏതാനും മിനുട്ടുകൾ നൽകാനായിരിക്കും കാർലോ ആൻസലോട്ടിയുടെ തീരുമാനം. ബെൻസിമ പരിക്കേറ്റു പുറത്തു പോയതടക്കം കഴിഞ്ഞ നാലു മത്സരങ്ങളിൽ റയലിന് ഒരു ജയം മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞുള്ളൂവെന്നത് താരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit