എംബാപ്പെ റയൽ മാഡ്രിഡിലേക്കു തന്നെയെന്ന സൂചന നൽകി കരിം ബെൻസിമ


പിഎസ്ജി സൂപ്പർതാരമായ കിലിയൻ എംബാപ്പയെക്കുറിച്ചുള്ള ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് സജീവമായി നിലനിൽക്കുന്ന സമയമാണിപ്പോൾ. ഈ സീസണോടെ പിഎസ്ജി കരാർ അവസാനിക്കുന്ന താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമോ അതോ പിഎസ്ജിയിൽ തന്നെ തുടരുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ലെങ്കിലും ആദ്യം പറഞ്ഞതിനു തന്നെയാണ് കൂടുതൽ സാധ്യതയുള്ളത്.
റയൽ മാഡ്രിഡുമായുള്ള ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ പിഎസ്ജി അപ്രതീക്ഷിത തോൽവി വഴങ്ങി പുറത്തു പോയതോടെ എംബാപ്പെ ഫ്രഞ്ച് ക്ലബിൽ തുടരാനുള്ള ചെറിയ സാധ്യത പോലും ഇല്ലാതായെന്നാണ് റിപ്പോർട്ടുകൾ. അതിനിടയിൽ എംബാപ്പെ റയൽ മാഡ്രിഡുമായി ധാരണയിൽ എത്തിയെന്നും പ്രീ കോണ്ട്രാക്റ്റ് ഉടനെ ഒപ്പിടുമെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
? Benzema teasing fans on Instagram by posting a photo with Mbappe ? pic.twitter.com/Ht3aXWxgWE
— Jesse Pinkman (@_losblancos07_) March 17, 2022
ഇപ്പോൾ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് തന്നെ ചേക്കേറുമെന്ന കൂടുതൽ സൂചനകൾ നൽകിയിരിക്കയാണ് ലോസ് ബ്ലാങ്കോസിന്റെ മുന്നേറ്റനിര താരമായ കരിം ബെൻസിമ. കഴിഞ്ഞ ദിവസം താരം ഷെയർ ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറി ബെർണാബുവിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ പകുതി സമയത്ത് കിലിയൻ എംബാപ്പയെ പുണർന്ന് ഡ്രസിങ് റൂമിലേക്ക് പോകുന്നതായിരുന്നു.
എംബാപ്പയും ബെൻസിമയും അടുത്ത സൗഹൃദം പുലർത്തുന്ന താരങ്ങളായതു കൊണ്ടു തന്നെ ഇതുപോലൊരു സ്റ്റോറി സ്വാഭാവികമായ ഒന്നാണെങ്കിലും പിഎസ്ജി താരവുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ശക്തമായ സമയത്ത് ഇതു ഷെയർ ചെയ്തത് കിലിയൻ എംബാപ്പെ ലോസ് ബ്ലാങ്കോസിൽ തന്നെയെത്തുമെന്ന അഭ്യൂഹങ്ങളെ ശരി വെക്കുന്നതാണെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
ഫ്രഞ്ച് നാഷണൽ ടീമിൽ ഒരുമിച്ച് കളിക്കുന്ന എംബാപ്പയും ബെൻസിമയുംഅടുത്ത സീസണിൽ റയൽ മാഡ്രിഡിൽ ഒരുമിച്ചാൽ അവർ കൂടുതൽ കരുത്തരായി മാറുമെന്നതിൽ യാതൊരു സംശയവുമില്ല. ഇരുവരും ഒരുമിക്കുന്നത് ഖത്തർ ലോകകപ്പിനൊരുങ്ങുന്ന ഫ്രാൻസ് ടീമിനും വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.