ഇൻസ്റ്റഗ്രാം സ്റ്റോറി എംബാപ്പെ ചതിച്ചുവെന്ന അർത്ഥത്തിലല്ല, വിശദീകരണവുമായി ബെൻസിമ

Benzema Explains Tupac Reference Not To Describe Mbappe Situation
Benzema Explains Tupac Reference Not To Describe Mbappe Situation / FRANCK FIFE/GettyImages
facebooktwitterreddit

കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിന്റെ ഓഫർ തഴഞ്ഞ് പിഎസ്‌ജിയിൽ തന്നെ തുടരുമെന്ന തീരുമാനം വന്നതിനു ശേഷം കരിം ബെൻസിമ പങ്കു വെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി ഏറെ ചർച്ചയായിരുന്നു. പ്രമുഖ അമേരിക്കൻ റാപ്പ് സിംഗറായ തുപാക് ഷകുർ അദ്ദേഹത്തെ ചതിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ കൂടെ നിൽക്കുന്ന ചിത്രമായിരുന്നു ബെൻസിമ പങ്കു വെച്ചത്.

ബെൻസിമ ചിത്രം പങ്കു വെച്ചതോടെ എംബാപ്പയുടെ ചതിയെക്കുറിച്ച് സൂചിപ്പിക്കുകയാണ് താരം ചെയ്‌തതെന്ന വിലയിരുത്തലുകൾ ഫുട്ബോൾ ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ ആ ചിത്രത്തിനു പിന്നിൽ അങ്ങിനെ യാതൊരു അർത്ഥവുമില്ലെന്നു വ്യക്തമാക്കിയ ബെൻസിമ ഓരോ വ്യക്തിയും അവരവരുടെ ഭാവി സ്വയം തീരുമാനിക്കുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു.

"ചതി? എന്തുകൊണ്ട്? എല്ലാവരും മറ്റുള്ള കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. എംബാപ്പയും മറ്റുള്ള താരങ്ങളും എന്നെ വിളിക്കേണ്ട യാതൊരു കാരണവുമില്ല. ഓരോ കളിക്കാരും അവരവരുടെ ഭാവി തീരുമാനിക്കുകയാണ് ചെയ്യുക. ഞാൻ ശാന്തനായി ശനിയാഴ്ചത്തെ മത്സരത്തിനായി തയ്യാറെടുക്കുകയാണ്."

"ഞാനാ തീരുമാനത്തിൽ എല്ലാവരെയും പോലെ ആശ്ചര്യപ്പെട്ടു പോയിരുന്നു. എന്നാൽ എംബാപ്പെ ഒരു പിഎസ്‌ജി താരമാണ്, ഞങ്ങൾക്കൊരു മത്സരം ശനിയാഴ്‌ച ബാക്കിയുണ്ട്." കരിം ബെൻസിമ പത്രസമ്മേളനത്തിൽ പറഞ്ഞു.

"തുപാകിന്റെ ചിത്രം എംബാപ്പക്ക് എതിരെയല്ല. ഞാൻ റയൽ മാഡ്രിഡിനെ സ്നേഹിക്കുന്നതു കൊണ്ടാണ് അതു പോസ്റ്റിട്ട ചെയ്‌തത്‌. അത് ചതിയുടെയോ മറ്റൊന്നിന്റെയുമോ കഥയല്ല. ഓരോ മാസവും അല്ലെങ്കിൽ അതിന്റെ പകുതിയിൽ ഞാൻ തുപാകിന്റെ ചിത്രങ്ങൾ ഇടാറുണ്ട്, അദ്ദേഹം എനിക്ക് പ്രിയപ്പെട്ടതാണ്."

"ആ ചിത്രം ഒരു സന്ദേശവും നൽകുന്നില്ല. എനിക്കെന്തെങ്കിലും പറയണമെങ്കിൽ ഞാനാ വ്യക്തിയെ നേരിൽ കാണും. റയൽ മാഡ്രിഡ് ലോകത്തിലെ ഏറ്റവും മികച്ച ക്ലബാണ്, പക്ഷെ അതൊരു സന്ദേശമാണ്. ഇതു ഞങ്ങളുടെ ബാഡ്‌ജ്‌ ആണെന്നും ചാമ്പ്യൻസ് ലീഗ് വിജയമാണ് ഞങ്ങൾക്ക് വേണ്ടതെന്നും മാത്രമേ എനിക്ക് പറയാനുള്ളൂ." ബെൻസിമ വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.