Top Stories

സെക്‌സ് ടേപ്പ് വിവാദത്തിൽ ജയിൽ ശിക്ഷ നൽകിയ വിധിക്കെതിരെ നൽകിയ അപ്പീൽ ബെൻസിമ പിൻവലിച്ചു

Sreejith N
Benzema Drops Appeal After Guilty Verdict In Valbuena Blackmail Case
Benzema Drops Appeal After Guilty Verdict In Valbuena Blackmail Case / Xavier Laine/GettyImages
facebooktwitterreddit

ഫ്രാൻസ് ദേശീയ ടിമിലെ സഹതാരമായിരുന്ന മാത്യു വാൽബുവേനയുമായി നിലനിന്നിരുന്ന സെക്‌സ് ടേപ്പ് ബ്ലാക്ക് മെയിൽ വിവാദവുമായി ബന്ധപ്പെട്ട കേസിൽ ജയിൽശിക്ഷ നൽകിയ കോടതിവിധിക്കെതിരെ നൽകിയ അപ്പീൽ കരിം ബെൻസിമ പിൻവലിച്ചു. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നീളുന്നത് താരത്തെ അസ്വസ്ഥമാക്കുന്നതു കൊണ്ടാണ് അപ്പീൽ പിൻവലിച്ചതെന്ന് ബെൻസിമയുടെ വക്കീൽ അറിയിച്ചു.

ആറു വർഷങ്ങൾക്കു മുൻപ് അർമേനിയക്കെതിരെ നടന്ന സൗഹൃദമത്സരത്തിനു മുൻപ് ഒരു സെക്‌സ് ടേപ്പ് കാണിച്ച് വാൽബുവേനയിൽ നിന്നും പണം തട്ടാൻ ചില വ്യക്തികൾ ശ്രമിച്ചിരുന്നു. തന്നെ ബ്ലാക്‌മെയ്ൽ ചെയ്‌ത ആളുകൾക്കെതിരെ വാൽബുവേന നിയമനടപടികളുമായി മുന്നോട്ടു പോയപ്പോഴാണ് ബെൻസിമയുടെ പങ്കും തെളിഞ്ഞത്.

ഏറെ വിവാദമായ ഈ കേസിനെ തുടർന്ന് ഫ്രാൻസ് ദേശീയടീമിലെ സ്ഥാനം നിരവധി വർഷങ്ങൾ ബെൻസിമക്ക് നഷ്‌ടമായിരുന്നു. 2018 ലോകകപ്പ് അടക്കമുള്ള ടൂർണമെന്റുകൾ നഷ്‌ടമായ താരം പിന്നീട് യൂറോ 2020നു മുന്നോടിയായാണ് ഫ്രാൻസ് ടീമിലേക്ക് തിരിച്ചു വരുന്നത്. അതിനിടയിൽ കേസിൽ ബെൻസിമക്കെതിരെ വിധി വരികയും താരം അതിനെതിരെ അപ്പീൽ നൽകുകയും ചെയ്‌തിരുന്നു.

"കോടതി നടപടിക്രമങ്ങളിൽ അസ്വസ്ഥത ഉള്ളതു കൊണ്ടാണ് താരം അപ്പീൽ പിൻവലിക്കുന്നത്. ഇത് ശിക്ഷാവിധിയെ അംഗീകരിക്കുന്നു എന്നത് നിയമപരമായി സത്യമാണ്. എന്നാൽ അതു യാഥാർഥ്യമല്ല. ബെൻസിമ ഈ കേസിൽ തന്റെ നിരപരാധിത്വം എല്ലായിപ്പോഴും അവകാശപ്പെടും. വാൽബുവേനക്കെതിരായ ബ്ലാക്‌മെയ്ൽ ഓപ്പറേഷനിൽ പങ്കെടുക്കാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചില്ല." ബെൻസൈമയുടെ അഭിഭാഷകൻ എൽ എക്വിപ്പെയോട് പറഞ്ഞു.

ഒരു വർഷത്തെ സസ്‌പെൻഡഡ്‌ ജയിൽ ശിക്ഷയും 75000 യൂറോ പിഴയുമാണ് ബെൻസിമക്കെതിരായ വിധിയിൽ ശിക്ഷയായി വിധിച്ചിരിക്കുന്നത്. എന്നാൽ ഫ്രാൻസിലെ നിയമങ്ങൾ പ്രകാരം സസ്‌പെൻഡഡ്‌ ജയിൽ ശിക്ഷ ലഭിക്കുന്നയാൾക്ക് ജയിലിൽ കിടക്കേണ്ടി വരില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit