Football in Malayalam

"പിഎസ്‌ജി മികച്ച ടീമെങ്കിലും റയൽ മാഡ്രിഡിനു വിജയിക്കാനാവും"- ആത്മവിശ്വാസം പ്രകടിപ്പിച്ച് കരിം ബെൻസിമ

Sreejith N
Real Madrid CF v Club Atletico de Madrid - La Liga Santander
Real Madrid CF v Club Atletico de Madrid - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പിനു ശേഷം റയൽ മാഡ്രിഡിനു പ്രീ ക്വാർട്ടറിൽ എതിരാളികളായി പിഎസ്‌ജിയെ ലഭിച്ചതിനോടു പ്രതികരിച്ച് ടീമിലെ സൂപ്പർതാരമായ കരിം ബെൻസിമ. പിഎസ്‌ജി മികച്ച ടീമാണെങ്കിലും മത്സരത്തിൽ വിജയിച്ച് റയൽ മാഡ്രിഡിന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയുമെന്നും ആ ഒരു ലക്ഷ്യം തന്നെയാണ് തങ്ങൾക്കു മുന്നിലുള്ളതെന്നും ബെൻസിമ പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ആദ്യത്തെ നറുക്കെടുപ്പിൽ പിഎസ്‌ജിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡും റയൽ മാഡ്രിഡിനു ബെൻഫിക്കയുമാണ് എതിരാളികളായി ലഭിച്ചിരുന്നത്. എന്നാൽ നറുക്കെടുപ്പിനിടെ സംഭവിച്ച ചില സാങ്കേതിക പ്രശ്‌നങ്ങൾ വിവാദമായി മാറിയതോടെ യുവേഫ ഡ്രോ വീണ്ടും നടത്തുകയും റയൽ മാഡ്രിഡ്-പിഎസ്‌ജി പോരാട്ടം പ്രീ ക്വാർട്ടറിൽ തന്നെ വരികയുമായിരുന്നു.

"പിഎസ്‌ജി മികച്ചൊരു ടീമാണെന്ന് ഞങ്ങൾക്കറിയാം, പക്ഷെ ഞങ്ങൾക്ക് വിജയിക്കാൻ കഴിയും. എല്ലാവരും കളിക്കാൻ ആഗ്രഹിക്കുന്ന മത്സരമായിരിക്കുമത്. ആദ്യപാദത്തിലും രണ്ടാം പാദത്തിലും ഞങ്ങൾ വിജയിക്കും. ഞങ്ങൾക്ക് ചാമ്പ്യൻസ് ലീഗ് തന്നെ വേണം." ആർഎംസി സ്പോർട്ടിനോട് സംസാരിക്കുമ്പോൾ ബെൻസിമ പറഞ്ഞു.

ഈ സീസണിൽ താൻ നടത്തുന്ന മികച്ച പ്രകടനത്തെക്കുറിച്ചും ബെൻസിമ സംസാരിച്ചു. "ഞാനിപ്പോൾ എന്റെ ഏറ്റവും മികച്ച പ്രകടനമായിരിക്കാം നടത്തുന്നത്. മൈതാനത്ത് കൂടുതൽ മെച്ചപ്പെടാൻ ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു, ഓരോ ദിവസവും അതുപോലെ തുടർന്ന്, സന്തോഷം കണ്ടെത്തി, ടീമിനെ വിജയത്തിനു വേണ്ടി ഞാൻ സഹായിക്കുന്നു." ബെൻസിമ വെളിപ്പെടുത്തി.

നിലവിലെ ഫോം കണക്കിലെടുക്കുമ്പോൾ റയൽ മാഡ്രിഡിനു തന്നെയാണ് മത്സരത്തിൽ മുൻതൂക്കമുള്ളത്. എന്നാൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കുന്ന മത്സരങ്ങൾ ആകുമ്പോഴേക്കും പിഎസ്‌ജി താളം കണ്ടെത്തുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit