മെസിയുടെ ബാലൺ ഡി ഓർ പരാമർശത്തിനു മറുപടി നൽകി കരിം ബെൻസിമ


അടുത്ത ബാലൺ ഡി ഓർ പുരസ്കാരം അർഹിക്കുന്നത് കരിം ബെൻസിമയാണെന്ന ലയണൽ മെസിയുടെ അഭിപ്രായത്തിനു മറുപടി നൽകി റയൽ മാഡ്രിഡ് സൂപ്പർതാരം. മെസിയെപ്പോലൊരു താരത്തിൽ നിന്നും വരുന്ന ഇത്തരം വാക്കുകൾ തനിക്ക് കൂടുതൽ പ്രചോദനം നൽകുന്നുണ്ടെന്നാണ് ബെൻസിമ പറഞ്ഞത്.
ഈ സീസണിൽ റയൽ മാഡ്രിഡിനു വേണ്ടി കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം നടത്തുകയും ചാമ്പ്യൻസ് ലീഗും ലാ ലിഗയും നേടാൻ സഹായിക്കുകയും ചെയ്ത കരിം ബെൻസിമ ബാലൺ ഡി ഓർ നേടാൻ ഏറ്റവുമധികം സാധ്യതയുള്ള താരമാണ്. ഇറ്റലിക്കെതിരായ ഫിനലിസിമ മത്സരത്തിനു മുൻപ് ഫ്രഞ്ച് താരം ബാലൺ ഡി ഓർ അർഹിക്കുന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് മെസി വ്യക്തമാക്കുകയും ചെയ്തിരുന്നു.
Karim Benzema has responded to Lionel Messi backing the Real Madrid star for the Ballon d'Or this year. https://t.co/IIHbr3JOTG
— Sportskeeda Football (@skworldfootball) June 4, 2022
"അതെ, അതെ, ഞാൻ മെസിയുടെ വാക്കുകൾ കണ്ടിരുന്നു. മെസിയെപ്പോലൊരു കളിക്കാരനിൽ നിന്നും വരുന്ന ഇത്തരം വാക്കുകൾ എനിക്കെന്റെ കാര്യങ്ങൾ കൂടുതൽ മികച്ചതാക്കാൻ വളരെയധികം പ്രചോദനം നൽകുന്നുണ്ട്." ഡെന്മാർക്കിനെതിരെ നടന്ന നേഷൻസ് ലീഗ് മത്സരത്തിനു ശേഷം ഇഎസ്പിഎന്നിനോട് സംസാരിക്കേ ബെൻസിമ പറഞ്ഞു.
സീസണിൽ റയൽ മാഡ്രിഡിനായി 46 മത്സരങ്ങളിൽ നിന്നും 44 ഗോളുകൾ നേടിയിട്ടുള്ള കരിം ബെൻസിമ ചാമ്പ്യൻസ് ലീഗിലെയും ലാ ലിഗയിലെയും ടോപ് സ്കോററാണ്. ബെൻസിമ ബാലൺ ഡി ഓർ നേടുകയാണെങ്കിൽ ഫ്രഞ്ച് ഫുട്ബോൾ നൽകുന്ന പുരസ്കാരം 1998ൽ സിദാൻ സ്വന്തമാക്കിയതിനു ശേഷം ആദ്യമായി നേടുന്ന ഫ്രഞ്ച് താരമായി മാറും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.