വിയ്യാറയലിനെതിരെയുള്ള റയൽ മാഡ്രിഡ് സ്‌ക്വാഡിലും ബെൻസിമയില്ല, മൂന്നു താരങ്ങൾ തിരിച്ചെത്തി
By Sreejith N

വിയ്യാറയലിനെതിരായ ലീഗ് മത്സരത്തിനുള്ള റയൽ മാഡ്രിഡിന്റെ സ്‌ക്വാഡ് പരിശീലകൻ കാർലോ ആൻസലോട്ടി പ്രഖ്യാപിച്ചപ്പോൾ മുന്നേറ്റനിര താരമായ കരിം ബെൻസിമ പുറത്ത്. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ ബെൻസിമക്കു പുറമെ ലെഫ്റ്റ് ബാക്കായ ഫെർലാൻഡ് മെൻഡിയും ടീമിൽ ഇടം നേടിയിട്ടില്ല എന്നത് പിഎസ്‌ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്.
എൽഷെക്കെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ പരിക്കേറ്റ കരിം ബെൻസിമ മൂന്നാഴ്‌ചയോളമായി കളിക്കളത്തിനു പുറത്താണ്. ഫ്രഞ്ച് താരം ടീമിൽ നിന്നും മാറിയുള്ള വ്യക്തിഗത പരിശീലനം പുനരാരംഭിച്ചതിനാൽ വിയ്യാറയലിനെതിരെ ഏതാനും മിനുട്ടുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ടീമിൽ ഇടം നേടാത്തതിനാൽ പിഎസ്‌ജിക്കെതിരെ കളിക്കുന്ന കാര്യം സംശയത്തിലാണ്. കഴിഞ്ഞ മാസം അവസാനം പരിക്കേറ്റ മെൻഡിയുടെ അവസ്ഥയും സമാനമാണ്.
?✅ Our squad for #VillarrealRealMadrid! pic.twitter.com/dEXpHOL80z
— Real Madrid C.F. ???? (@realmadriden) February 11, 2022
അതേസമയം ഗ്രനാഡക്കെതിരായ കഴിഞ്ഞ മത്സരത്തിൽ വിവിധ കാരണങ്ങൾ കൊണ്ട് പുറത്തിരുന്ന വിനീഷ്യസ് ജൂനിയർ, ലൂക്കാസ് വാസ്‌ക്വസ്, കസമീറോ എന്നിവർ വിയ്യാറയലിനെതിരെയുള്ള സ്‌ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട്. കസമീറോ വന്നതിനാൽ ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ് എന്നിവരിലൊരാൾക്ക് ആൻസലോട്ടി വിശ്രമം നൽകിയേക്കും. വാസ്‌ക്വസ് തിരിച്ചെത്തിയതിനാൽ കാർവാഹാളിനും വിശ്രമം ലഭിക്കാനുള്ള സാധ്യതയുണ്ട്.
ലാ ലിഗയിൽ ആറാം സ്ഥാനത്തുള്ള വിയ്യാറയലിനെതിരെ വിജയം നേടേണ്ടത് റയൽ മാഡ്രിഡിന് അനിവാര്യമാണ്. ഇന്നലെ നടന്ന മത്സരത്തിൽ എൽഷെക്കെതിരെ സെവിയ്യ വിജയം നേടിയതിനാൽ ഒന്നാം സ്ഥാനത്തുള്ള റയലുമായുള്ള പോയിന്റ് വ്യത്യാസം അവർ മൂന്നു പോയിന്റാക്കി കുറച്ചിട്ടുണ്ട്. ഒരു മത്സരം കുറവു കളിച്ച റയലിന് വിയ്യാറയലിനെതിരെ വിജയിച്ചാൽ പോയിന്റ് വീണ്ടും ആറാക്കി വർധിപ്പിക്കാൻ കഴിയും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.