Football in Malayalam

"ഇതിനു വേണ്ടിയാണ് കാത്തിരുന്നത്"- രണ്ടാം വരവിൽ ഫ്രാൻസിനു വേണ്ടി ആദ്യഗോൾ നേടിയതിനെക്കുറിച്ച് പ്രതികരിച്ച് ബെൻസിമ

Sreejith N
Portugal v France - UEFA Euro 2020: Group F
Portugal v France - UEFA Euro 2020: Group F / Alex Pantling/Getty Images
facebooktwitterreddit

ഫ്രാൻസ് ദേശീയ ടീമിലേക്കുള്ള രണ്ടാം വരവിനു ശേഷം നിരവധി മത്സരങ്ങളിൽ ഗോൾ നേടാൻ പരാജയപ്പെട്ടത് തനിക്കു മേൽ സമ്മർദ്ദം സൃഷ്ടിച്ചിരുന്നുവെന്നു വ്യക്തമാക്കി സ്‌ട്രൈക്കർ കരിം ബെൻസിമ. ഇന്നലെ രാത്രി നടന്ന യൂറോ കപ്പ് മത്സരത്തിൽ കരുത്തരായ പോർചുഗലിനെതിരെ ഇരട്ടഗോൾ നേടി ടീമിനെ ഗ്രൂപ്പിൽ ഒന്നാമതു ഫിനിഷ് ചെയ്യാൻ സഹായിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു റയൽ മാഡ്രിഡ് താരം.

ചില വിവാദ വിഷയങ്ങളെ തുടർന്ന് ഫ്രാൻസ് ടീമിൽ നിന്നും 2016 മുതൽ ഒഴിവാക്കപ്പെട്ടിരുന്ന ബെൻസിമ യൂറോ കപ്പിന് മുന്നോടിയായി തിരിച്ചെത്തിയെങ്കിലും അതിനു ശേഷം കളിച്ച നാല് മത്സരങ്ങളിലും ഗോളുകൾ കണ്ടെത്താൻ താരത്തിന് കഴിഞ്ഞിരുന്നില്ല. യൂറോക്ക് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളിലും അതിനു ശേഷം യൂറോയിലെ മത്സരങ്ങളിലും ആദ്യ ഇലവനിൽ തന്നെ ഉണ്ടായിരുന്നെങ്കിലും താരത്തിന് വലകുലുക്കാൻ പോർചുഗലിനെതിരായ മത്സരം വേണ്ടി വന്നു.

"ഗോൾ നേടിയതിനു ശേഷം എനിക്കു വളരെ സന്തോഷവും അഭിമാനവും തോന്നി. എല്ലാവരും ഇതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.അതിന്റെ സമ്മർദ്ദവും എനിക്കുണ്ടായിരുന്നു. പക്ഷെ ഞാനൊരു ഫുട്ബോൾ താരമാണ്, ഒരു പ്രൊഫെഷനൽ. അതുകൊണ്ടു തന്നെ അതിൽ നിന്നും കരുത്തു നേടുകയാണ് ചെയ്‌തത്‌."

"ഗോൾ നേടിയത് മനോഹരമായ അനുഭവമായിരുന്നു എന്നതിനു പുറമെ ഞങ്ങൾ യോഗ്യത നേടുകയും ചെയ്‌തു. ഈ ടീമിനു വേണ്ടി എനിക്ക് ഗോൾ നേടണമായിരുന്നു. കാരണം ഈ ടൂർണമെന്റിൽ ഗോളുകൾ വളരെ പ്രധാനമാണ്." ബീയിൻ സ്പോർട്സിനോട് ബെൻസിമ വ്യക്തമാക്കി.

അഞ്ചു വർഷവും 258 ദിവസവുമാണ് ഫ്രാൻസ് ടീമിന് വേണ്ടിയുള്ള ഗോളുകൾക്കിടയിൽ ബെൻസിമയെടുത്ത സമയം. മുപ്പത്തിമൂന്നാം വയസിൽ ഇരട്ടഗോൾ നേടിയതോടെ ഫ്രാൻസിന് വേണ്ടി ഒരു മത്സരത്തിൽ രണ്ടു ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന സിനദിൻ സിദാന്റെ റെക്കോർഡിനെ മറികടക്കാനും ബെൻസിമക്കായി.

facebooktwitterreddit