ക്ലോപ്പിന്റെ ലിവർപൂളിനെ തന്റെ ലിവർപൂൾ ടീമുമായി താരതമ്യം ചെയ്യാനാവില്ലെന്ന് ബെനിറ്റസ്


ചാമ്പ്യൻസ് ലീഗ് വിജയം നേടിയ തന്റെ ലിവർപൂൾ ടീമിനെ യർഗൻ ക്ലോപ്പിന്റെ ഇപ്പോഴത്തെ ലിവർപൂൾ ടീമുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് റാഫ ബെനിറ്റസ്. നാൽപതു മില്യൺ യൂറോ മുടക്കി വാങ്ങിയ താരങ്ങൾ ക്ലോപ്പിന്റെ ലിവർപൂൾ ടീമിൽ ബെഞ്ചിലിരിക്കുകയാണെന്നും തനിക്ക് ഇരുപതു മില്യണാണ് ട്രാൻസ്ഫർ ബഡ്ജറ്റായി ലഭിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
2004 മുതൽ 2010 വരെ ലിവർപൂളിന്റെ പരിശീലകനായിരുന്നു റാഫ ബെനിറ്റസ്. 2004-05 സീസണിൽ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനലിൽ എസി മിലാനെതിരെ മൂന്നു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം തിരിച്ചടിച്ച് ഷൂട്ടൗട്ടിൽ വിജയം നേടി കിരീടമുയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 2006-07 സീസണിൽ ചാമ്പ്യൻസ് ലീഗിൽ രണ്ടാം സ്ഥാനത്തെത്താൻ ബെനിറ്റസിന്റെ ലിവർപൂളിനായി.
"You can't compare my Liverpool team with Klopp's"
— AS USA (@English_AS) May 18, 2022
Former Liverpool and Real Madrid boss Rafa Benítez spoke to @diarioas ahead of the #UCLfinal https://t.co/a258YRmOi2
"ആളുകൾ എന്റെ ടീമിനെ ഓർക്കും. എന്നാൽ വളരെ നല്ല രീതിയിൽ തന്നെ പണം ചിലവാക്കിയ ഒരു ലിവർപൂൾ ടീമുമായി ആയിരിക്കും അവരതിനെ താരതമ്യം ചെയ്യുക. അത് സത്യമാണ്. നാൽപതു മില്യൺ മൂല്യമുള്ള താരങ്ങലാണ് ബെഞ്ചിലുള്ളത്." സ്പാനിഷ് മാധ്യമമായ എഎസിനോട് സംസാരിക്കേ ബെനിറ്റസ് പറഞ്ഞു.
"അതുകൊണ്ടാണ് എന്റെയും ക്ലോപ്പിന്റെയും ലിവർപൂളിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നു ഞാൻ പറഞ്ഞത്. കാരണം സന്ദർഭങ്ങളെ നമ്മൾ നോക്കണം. എനിക്ക് ഇരുപതു മില്യൺ യൂറോയുടെ ബഡ്ജറ്റാണ് ഉണ്ടായിരുന്നത്. എന്താണിപ്പോൾ 20 മില്യണ് ലിവർപൂളിന് വാങ്ങാൻ കഴിയുക? ഒന്നുമില്ല. നാൽപതു മില്യൺ നൽകി അവർ ബെഞ്ചിലേക്ക് താരങ്ങളെ വാങ്ങുന്നു." ബെനിറ്റസ് വ്യക്തമാക്കി.
നേരത്തെ എവർട്ടൺ പരിശീലകനായിരുന്ന ബെനിറ്റസ് വേണ്ടത്ര ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ കാരണം ആവശ്യമുള്ള സൈനിംഗുകൾ ഒന്നും നടത്താൻ കഴിയാതിരുന്നതാണ് ടീമിന്റെ മോശം പ്രകടനത്തിന് കാരണമെന്നും പറഞ്ഞു. ടീമിനെ മെച്ചപ്പെടുത്താൻ കഴിയാത്തതിനെ തുടർന്ന് ജനുവരിയിൽ ബെനിറ്റസിനെ പുറത്താക്കി ലാംപാർടിനെ എവർട്ടൺ പരിശീലകനായി നിയമിച്ചിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.