കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അപരാജിത കുതിപ്പിന് അവസാനം; ബംഗളൂരുവിനെതിരെ ഒരു ഗോളിന് തോൽവി

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബംഗളൂരു എഫ്.സിയോടാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. തോല്‍വി അറിയാതെയുള്ള പത്ത് മത്സരത്തിന് ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്.സിക്ക് മുന്നില്‍ മുട്ടുമടക്കിയത്.
ടീം ക്യാമ്പിലെ കോവിഡ് വ്യാപനം മൂലം ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ രണ്ട് കളിയും മാറ്റിവെച്ചിരുന്നു. അതിന് ശേഷമുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരമായിരുന്നു ബംഗളൂരുവിനെതിരെയുള്ളത്. നീണ്ട ഇടവേളക്ക് ശേഷമുള്ള മത്സരമായിരുന്നെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് കഴിഞ്ഞു. മത്സരത്തിലുടനീളം മികച്ച നീക്കങ്ങളിലൂടെ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരുവിന് തലവേദന സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ് കൊമ്പന്‍മാര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു.
56ാം മിനുട്ടില്‍ ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് റോഷന്‍ സിങ്ങായിരുന്നു ബംഗളൂരുവിന്റെ വിജയ ഗോള്‍ നേടിയത്. ഗോള്‍ വഴങ്ങിയതിന് ശേഷം സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ബംഗളൂരുവിന്റെ ഗോള്‍ മുഖത്ത് ഭീതി വിതച്ചുകൊണ്ടിരുന്നെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 75 മിനുട്ടിന് ശേഷം ബ്ലാസ്റ്റേഴ്‌സ് മൈതാനം വാഴുന്ന കാഴ്ചയായിരുന്നു കണ്ടത്.
കൊവിഡ് കാരണം കൂടുതല്‍ സമയവും വിശ്രമത്തിലായിരുന്ന താരങ്ങള്‍ പലപ്പോഴും ഓടാന്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു. 12 മത്സരത്തില്‍ നിന്ന് 20 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തും 14 മത്സരത്തില്‍ നിന്ന് 20 പോയിന്റുമായി ബംഗളൂരു എഫ്.സി നാലാം സ്ഥാനത്താണുള്ളത്. ഫെബ്രുവരി നാലിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. നാളെ നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഹൈദരാബാദ് എഫ്.സിയെ നേരിടും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.