റൊണാൾഡോയെ വിമർശിക്കുന്നവർക്ക് ഭ്രാന്താണ്, ഇപ്പോഴും മെസിക്കു മുകളിലാണു റൊണാൾഡോയെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം
By Sreejith N

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമേതാണെന്ന കാര്യത്തിൽ ലയണൽ മെസിയുമായി നിലനിൽക്കുന്ന പോരാട്ടത്തിൽ റൊണാൾഡോ ഇപ്പോഴും ഒന്നാം സ്ഥാനത്തു തന്നെയുണ്ടെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ബെൻ ഫോസ്റ്റർ. റൊണാൾഡോയെ ഇപ്പോഴും വിമർശിക്കുന്നവർക്ക് ഭ്രാന്താണെന്നും പോർച്ചുഗീസ് താരത്തിനൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചിട്ടുള്ള ബെൻ ഫോസ്റ്റർ പറഞ്ഞു.
മുപ്പത്തിയേഴുകാരനായ റൊണാൾഡോ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോററാണെങ്കിലും ടീമിനെ പ്രീമിയർ ലീഗിലെ ടോപ് ഫോറിലെത്തിക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല. ഇതിന്റെ ഭാഗമായി താരം വരുന്ന സമ്മറിൽ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ഉയർന്നു വരുന്നുണ്ടെങ്കിലും റൊണാൾഡോയുടെ ഫോമിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ലെന്നും ഒന്നോ രണ്ടോ വർഷം കൂടി ഉയർന്ന തലത്തിൽ കളിക്കാൻ കഴിയുമെന്നുമാണ് ഫോസ്റ്റർ പറയുന്നത്.
Cristiano Ronaldo is “still number one” in his eternal battle with Lionel Messi, claims Ben Foster ?https://t.co/RjODMOPxFz
— GOAL Africa (@GOALAfrica) May 2, 2022
"നിങ്ങളിഷ്ടപ്പെടുന്നതു പോലെത്തന്നെ റൊണാൾഡോയുടെ നിലവാരം വളരെ ഉയർന്നതാണ്, മികച്ചൊരു മാതൃകയാണ് അദ്ദേഹം. ഇപ്പോഴും തന്റെ വേഗത നിലനിർത്താൻ താരത്തിന് കഴിയുന്നു. സ്വാഭാവികമായ ഗോൾവേട്ടക്കാരായ താരങ്ങളിൽ ഒരാളാണ് റൊണാൾഡോ. റൊണാൾഡോയെയും മെസ്സിയെയും കുറിച്ചുള്ള ഒരിക്കലും അവസാനിക്കാത്ത തർക്കത്തിൽ റൊണാൾഡോ തന്നെയാണ് നമ്പർ വൺ എന്നാണു ഞാൻ കരുതുന്നത്." ഫോസ്റ്റർ ദി മിററിനോട് പറഞ്ഞു.
"റൊണാൾഡോ മുഴുവനായും തീർന്നു പോയി എന്ന് ഈ സീസണിലും കരുതുന്നവർക്ക് ഭ്രാന്താണെന്നാണ് ഞാൻ കരുതുന്നത്. താരം തീർന്നു പോയിട്ടില്ല. എത്ര ഗോളുകളാണ് അദ്ദേഹം നേടിയതെന്ന് നോക്കുക. അവിശ്വസനീയമായ കാര്യമാണത്. മറ്റേതൊരു താരമായാലും അതൊരു ഗംഭീര സീസൺ ആയിരിക്കും. എന്നാൽ റൊണാൾഡോയിൽ നിന്നും ആളുകൾ 30, 40, 50 ഗോളുകൾ വരെ പ്രതീക്ഷിക്കും."
"എന്നാൽ എല്ലാ സിലിണ്ടറുകളിലും തീ പടരാത്ത ഒരു ടീമിലാണ് റൊണാൾഡോ കളിക്കുന്നത് എന്നതിനാൽ അത്രയധികം ഗോളുകൾ നേടാൻ കഴിയുകയില്ല. എന്നാൽ താരം തീർന്നു പോയെന്നു കരുതുന്ന ആളുകളോട് ഒരിക്കലും അങ്ങിനെയല്ലെന്നു മാത്രമേ എനിക്ക് പറയാനുള്ളൂ. ഇനിയും ചുരുങ്ങിയത് ഒന്നോ രണ്ടോ വർഷം മികച്ച പ്രകടനം തുടരാൻ റൊണാൾഡോക്ക് കഴിയും." ഫോസ്റ്റർ വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.