റയൽ മാഡ്രിഡിൽ അവസരങ്ങൾ കുറയുന്ന ഹസാർഡിനെക്കുറിച്ചോർത്തു പേടിയുണ്ടെന്ന് ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനസ്


റയൽ മാഡ്രിഡിൽ എത്തിയതിനു ശേഷം കരിയർ ഗ്രാഫിൽ താഴേക്കു പോയ താരമാണ് ഈഡൻ ഹസാർഡ്. ചെൽസിയിൽ മിന്നിത്തിളങ്ങി ബാലൺ ഡി ഓർ വരെ നേടാൻ സാധ്യത കൽപ്പിക്കപ്പെട്ട ബെൽജിയൻ മുന്നേറ്റനിര താരത്തിനു പക്ഷെ റയലിൽ എത്തിയതിനു ശേഷം തിരിച്ചടിയായത് നിരന്തരമായ പരിക്കുകളാണ്.
നിലവിൽ പരിക്കിൽ നിന്നും മുക്തനായിട്ടും റയൽ മാഡ്രിഡിൽ ഹസാർഡിന് അവസരങ്ങൾ കുറവാണ്. ബ്രസീലിയൻ വിങ്ങർ വിനീഷ്യസ് ജൂനിയർ മികച്ച ഫോമിലെത്തിയതോടെ റയൽ മാഡ്രിഡിന്റെ ബെഞ്ചിലിരിക്കേണ്ടി വന്ന ഹസാർഡിന് കളത്തിലിറങ്ങാനുള്ള അവസരമാണ് ഇന്റർനാഷണൽ ബ്രേക്ക് നൽകിയിരിക്കുന്നത്. ബെൽജിയം ടീമിൽ ഇപ്പോഴും പ്രധാന താരമായ ഹസാർഡിന് അവസരങ്ങൾ കുറയുന്നതിലുള്ള ആശങ്ക പരിശീലകനായ റോബർട്ടോ മാർട്ടിനസ് പ്രകടിപ്പിക്കുകയും ചെയ്തു.
"വളരെ അസാധാരണമായൊരു സാഹചര്യമാണിത്, ഞങ്ങളിതു പ്രതീക്ഷിച്ചിട്ടില്ല. മെഡിക്കൽ വശത്തു നിന്നും നോക്കുമ്പോൾ താരത്തിനു കുഴപ്പമൊന്നുമില്ല, ഹസാർഡ് ഫിറ്റ്നസ് വീണ്ടെടുക്കാൻ കൂടുതൽ ശ്രമിക്കുന്നുണ്ടെന്നും ഞങ്ങൾക്കറിയാം. തന്റെ ഏറ്റവും മികച്ച തലത്തിലെത്താൻ സാധ്യമായതെല്ലാം ചെയ്യാൻ താരം തയ്യാറാണ്," മാർട്ടിനസ് എച്ച്എൻഎല്ലിനോട് പറഞ്ഞു.
അതിനൊപ്പം ഹസാർഡിനെക്കുറിച്ച് തനിക്കുള്ള ആശങ്കയും അദ്ദേഹം പങ്കു വെച്ചു. "ഹസാർഡ് ഫുട്ബോളിനെ ആസ്വദിക്കുന്നത് തുടരുന്ന കാലത്തോളം ഞങ്ങൾക്ക് ആശങ്കയില്ല, എന്നാലിപ്പോൾ അതല്ല അവസ്ഥ. താരം സീസൺ നല്ല രീതിയിൽ പൂർത്തിയാക്കും എന്നു ഞാൻ കരുതുന്നു," മാർട്ടിനസ് വ്യക്തമാക്കി.
അവസരങ്ങൾ കുറവാണെങ്കിലും ഈ ജനുവരിയിൽ ഹസാർഡിനു റയൽ മാഡ്രിഡ് വിടാൻ പദ്ധതിയില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതേ സാഹചര്യം തുടർന്നാൽ അടുത്ത സമ്മറിൽ ക്ലബ് വിടുന്ന കാര്യം താരം പരിഗണിച്ചേക്കും.