Football in Malayalam

എറിക്സണോടുള്ള ആദരസൂചകമായി ബെൽജിയം ഡെന്മാർക്കിനെതിരെയുള്ള മത്സരത്തിന്റെ 10ആം മിനുറ്റിന് ശേഷം പന്ത് പുറത്തേക്കടിക്കും

Jouhar KK
Christian Eriksen
Christian Eriksen / JONATHAN NACKSTRAND/Getty Images
facebooktwitterreddit

ക്രിസ്റ്റ്യൻ എറിക്സണോടുള്ള ആദരസൂചകമായി ഡെന്മാർക്കിനെതിരായ മത്സരത്തിന്റെ 10ആം മിനിറ്റിന് ശേഷം പന്ത് പുറത്തേക്കടിക്കാനൊരുങ്ങി ബെൽജിയം. എറിക്സന്റെ ജേഴ്‌സി നമ്പർ ആയ 10നെ സൂചിപ്പിച്ചാണ് 10ആം മിനിറ്റിന് ശേഷം ബോൾ പുറത്തേക്കടിക്കുക.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഫിൻലൻഡിനെതിരെയുള്ള മത്സരത്തിനിടയിൽ ഡെന്മാർക്ക് താരമായ ക്രിസ്റ്റ്യൻ എറിക്സൺ ഹൃദയാഘാതം സംഭവിച്ച് ഗ്രൗണ്ടിൽ വീണത്. തക്കസമയത്ത് തന്നെ സഹതാരങ്ങളും കോച്ചും മെഡിക്കൽ സംഘവുമെല്ലാം കൃത്യമായി ഇടപെട്ടത് കാരണം വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. ഇപ്പോൾ ഹോസ്പിറ്റലിൽ ചികിത്സയിലുള്ള താരം പുരോഗതി കൈവരിച്ചു വരികയാണ്.

ഇന്ന് ബെൽജിയവുമായുള്ള മത്സരത്തിൽ തങ്ങളുടെ പ്രിയ താരത്തിന് കരഘോഷം നൽകിക്കൊണ്ട് ആദരം നൽകാൻ ഡെന്മാർക്ക് ആരാധകർ തീരുമാനിച്ചിട്ടുണ്ട്. നിരവധി ബെൽജിയൻ താരങ്ങൾക്കൊപ്പം കളിച്ചിട്ടുള്ള എറിക്‌സണിന് തങ്ങളുടേതായ ഒരു പിന്തുണ നൽകണം എന്ന ആഗ്രഹം കൊണ്ടാണ് ബെൽജിയം 10ആം മിനുട്ടിന് ശേഷം ബോൾ പുറത്തേക്കടിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

"ഞങ്ങളുടെ രാജ്യത്തിൽ നിന്ന് ധാരാളം താരങ്ങൾ അദ്ദേഹത്തോടൊപ്പം കളിച്ചിട്ടുണ്ട്. അതിനാൽ 10 മിനുട്ടുകൾക്ക് ശേഷം കാണികൾക്ക് കൈയ്യടികൾ മുഴക്കാൻ ഞങ്ങൾ ബോൾ പുറത്തേക്കടിക്കും," ബെൽജിയൻ താരവും, എറിക്സന്റെ ഇന്റർ മിലാൻ സഹതാരവുമായി റൊമേലു ലുക്കാക്കു പറഞ്ഞു.

എന്നാൽ ഇന്നത്തെ മത്സരത്തിൽ ജയിക്കുക എന്നത് തന്നെയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് മത്സരം നടക്കേണ്ട സ്റ്റേഡിയത്തിന് തൊട്ടടുത്ത ഹോസ്പിറ്റലിലാണ് എറിക്സൺ ഉള്ളത് എന്നതിനാൽ ലുക്കാക്കു ടീം കോച്ച് റോബർട്ടോ മാർട്ടിനസിനോട് എറിക്സണെ സന്ദർശിക്കാനുള്ള അനുവാദം ചോദിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ ഹോസ്പിറ്റലുകളിൽ സന്ദർശകർക്ക് കണിശമായ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ലുക്കാക്കുവിനെ എറിക്സണെ സന്ദർശിക്കാൻ കഴിയുമോ എന്ന കാര്യം ഉറപ്പായിട്ടില്ല.

അതേ സമയം, റഷ്യക്കെതിരെ ബെൽജിയം 3-0ന് ജയിച്ച മത്സരത്തിൽ പരിക്ക് മൂലം പുറത്തായിരുന്ന മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം കെവിൻ ഡി ബ്രുയിൻ പരിക്ക് ഭേദമായി തിരിച്ചെത്തിയിട്ടുണ്ട് എന്ന് കോച്ച് റോബർട്ടോ മാർട്ടിനസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡി ബ്രുയിൻ തിരിച്ചെത്തുന്നത് ലോക ഒന്നാം നമ്പറുകാർക്ക് കൂടുതൽ ആത്മവിശ്വാസം നൽകും.


facebooktwitterreddit