Main Stories

ഡി ബ്രൂയ്നെ പരിക്കേൽപ്പിച്ചതിനു ചുവപ്പുകാർഡ് നൽകണമായിരുന്നു, ചെൽസി താരം റുഡിഗർക്കെതിരെ ബെൽജിയം പരിശീലകൻ

Sreejith N
Manchester City v Chelsea FC - UEFA Champions League Final
Manchester City v Chelsea FC - UEFA Champions League Final / Marc Atkins/Getty Images
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രൂയ്നു പരിക്കു പറ്റാൻ കാരണമായ ഫൗൾ നടത്തിയ ചെൽസി പ്രതിരോധതാരം അന്റോണിയോ റുഡിഗർക്കെതിരെ രൂക്ഷമായ വിമർശനവുമായി ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനസ്. മാരകമായ ഫൗൾ നടത്തിയ റുഡിഗർ ചുവപ്പുകാർഡ് അർഹിച്ചിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് അതിൽ നിന്നും രക്ഷപ്പെട്ടതെന്നും മാർട്ടിനസ് പറഞ്ഞു.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഡി ബ്രൂയ്ൻ, റുഡിഗറുമായി കൂട്ടിയിടിച്ചു പരിക്കു പറ്റി പുറത്താകുന്നത്. സിറ്റിയുടെ ഏറ്റവും പ്രധാന താരമായ ഡി ബ്രൂയ്‌ന്റെ പരിക്ക് ടീമിനെ വളരെയധികം ബാധിച്ചിരുന്നു. മുഖത്തെ എല്ലുകൾക്ക് പൊട്ടലേറ്റ ബെൽജിയൻ താരം യൂറോ മത്സരങ്ങൾക്ക് ഇറങ്ങുമോയെന്ന കാര്യത്തിലും ഇതുവരെ തീർച്ചയായിട്ടില്ല.

"റുഡിഗർക്ക് വളരെയധികം ഭാഗ്യമുണ്ട്. റിപ്ലെ നോക്കുകയാണെങ്കിൽ അതിൽ തല കൂട്ടിയിടിച്ചിട്ടില്ലെന്നു വ്യക്തമാണ്. റുഡിഗർ തന്റെ ഷോൾഡർ കെവിനു നേരെ കൃത്യമായി നീക്കുകയായിരുന്നു. തലക്ക് ആഘാതമേറ്റ താരത്തിന്റെ നില ഞങ്ങൾ പരിശോധിക്കും. പക്ഷെ ആ സംഭവത്തിനു കയ്‌പ്പേറുന്നത് റുഡിഗർ തന്റെ തലക്കും പരിക്കു പറ്റിയതു പോലെ കാണിക്കുമ്പോഴാണ്, എന്തോ ഒളിക്കാൻ താരം ശ്രമിക്കുന്നതു പോലെയാണത്," മാർട്ടിനസ് പറഞ്ഞു.

"വീണ്ടുവിചാരമില്ലാത്ത വളരെയധികം കരുത്തുപയോഗിച്ചു നടത്തിയ ഫൗളാണത്. അത് തീർച്ചയായും ചുവപ്പുകാർഡിനും അർഹമാണ്. കെവിൻ ഒരു കാരണവുമില്ലാതെ മൈതാനത്ത് വീഴുന്നയാളല്ല. താരത്തിന്റെ വേദനയും ചീർത്തു പൊങ്ങിയ കവിളും അതു വ്യക്തമാക്കുന്നു."

ഈ സീസണിൽ നിരവധി മത്സരങ്ങൾ പരിക്കു മൂലം നഷ്ടമായ ഡി ബ്രൂയ്നു യൂറോ കപ്പ് കൂടി നഷ്ടമായാൽ അതു കനത്ത തിരിച്ചടിയാണ്. അതേസമയം സംഭവത്തിൽ ക്ഷമാപണം നടത്തിയ റുഡിഗർ ബെൽജിയൻ താരം എത്രയും വേഗം കളിക്കളത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് ആശംസിക്കുകയും ചെയ്‌തിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ

facebooktwitterreddit