Football in Malayalam

കന്നിക്കിരീടത്തിനായി ബെൽജിയം; ലോക ഒന്നാം റാങ്കുകാർ ഇത്തവണ ഇറങ്ങുന്നത് പുത്തൻ പ്രതീക്ഷകളുമായി

Jouhar KK
Sylvain Lefevre/Getty Images
facebooktwitterreddit

ഏറെ പ്രതീക്ഷകളോടെയും അതിലേറെ ആത്മവിശ്വാസത്തോടും കൂടെയാണ് ബെൽജിയം ഇപ്രാവശ്യം യൂറോക്ക് എത്തുന്നത്. ലോക ഒന്നാം റാങ്കുകാർ എന്ന ഖ്യാതിയും അതിനൊപ്പം സമീപകാലത്തെ മികച്ച പ്രകടനവുമാണ് ബെൽജിയത്തെ കിരീടം ഫേവറേറ്റുകളാക്കി മാറ്റുന്നത്. റോബർട്ടോ മാർട്ടിനസിനും സംഘത്തിനും തങ്ങളുടെ ചരിത്രത്തിലെ തന്നെ ആദ്യ മേജർ കിരീടം ഇപ്രാവശ്യം നേടാൻ കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ടീമിൽ നിന്ന് വലിയ മാറ്റമൊന്നും ഇല്ലാതെയാണ് ബെൽജിയം ടീം ഇപ്രാവശ്യം ഇറങ്ങുന്നത്.

യൂറോയുടെ ക്വാളിഫിക്കേഷൻ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാണ് ബെൽജിയം ടൂർണമെന്റിനെത്തുന്നത്. കളിച്ച പത്ത് മത്സരങ്ങളിൽ പത്തും ജയിച്ച ടീം ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. പത്ത് മത്സരങ്ങളിൽ 40 ഗോളുകൾ നേടിയ ടീം വെറും മൂന്ന് ഗോളുകൾ മാത്രമാണ് വഴങ്ങിയത്. കഴിഞ്ഞ യുവേഫ നാഷൻസ് ലീഗ് മത്സരങ്ങളിലും മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. കരുത്തരായ ഇംഗ്ലണ്ട് അടങ്ങിയ ഗ്രൂപ്പിൽ നിന്ന് 6 മത്സരങ്ങളിൽ നിന്നും അഞ്ചും ജയിച്ച് ഒന്നാം സ്ഥാനത്തെത്തിയിരുന്നു ബെൽജിയം.

കരുത്ത്

മികച്ച പ്ലെയിങ് ഇലവൻ തന്നെയാണ് ബെൽജിയം ടീമിന്റെ പ്രധാന കരുത്ത്. നിലവിൽ ലോകത്തിലെ തന്നെ മികച്ച ഗോൾകീപ്പർമാരിലൊരാളായ തിബോട്ട് കോർട്ടുവക്ക് മുമ്പിൽ പരിചയസമ്പന്നരായ ടോബി അൽഡർവെയ്‌ഡും ജാൻ വെർട്ടോങ്ങനും, ഒപ്പം ജേസൺ ഡിനേയറിന്റെ വേഗതയും കൂടിച്ചേരുമ്പോൾ ടൂർണമെന്റിലെ തന്നെ മികച്ചൊരു പ്രതിരോധനിരയായി അത് മാറുന്നു.

അതേസമയം, മിഡ്ഫീൽഡിൽ മികച്ച ഫോമിലുള്ള കെവിൻ ഡീ ബ്രുയിനാണ് ടീമിന്റെ കുന്തമുന. ഒപ്പം ആക്സൽ വിറ്റ്സലും യൂറി ടെലമൻസും കൂടിയാകുമ്പോൾ മധ്യനിര മികവുറ്റതാകുന്നു. മുന്നേറ്റനിരയിൽ സീസണിൽ മികച്ച ഫോമിലുള്ള റൊമേലു ലുക്കാക്കുവിനൊപ്പം ഈഡൻ ഹസാർഡും ഡ്രൈസ് മാർട്ടിൻസും കൂടിച്ചേരുമ്പോൾ ഗോൾ മഴ വർഷിക്കുമെന്ന് തന്നെ കരുതാം. സീസണിൽ 30 ഗോളുകളോടെ ഇന്റർമിലാനെ സീരി എ ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്കാളിയായിരുന്നു ലുക്കാക്കു.

ദൗർബല്യം

പ്ലെയിങ് ഇലവൻ മികച്ചതാണെങ്കിലും പകരക്കാരുടെ നിര അത്ര തന്നെ മികച്ചതല്ല എന്നതാണ് മാർട്ടിനസിന്റെ പ്രധാന തലവേദന. സെൻട്രൽ ഡിഫൻസിലും മിഡ്ഫീൽഡിലും മുന്നേറ്റനിരയിലും പകരക്കാരാക്കാൻ കഴിയുന്ന ലോകോത്തര താരങ്ങളുടെ കുറവുള്ളത് ബെൽജിയത്തെ നന്നായി ബാധിക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ സബ്സ്റ്റിറ്റ്യുഷനുകൾ കളിയെ ഏറെ സ്വാധീനിക്കുന്നുണ്ട് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പ്രധാന താരങ്ങൾ

തിബോ കോർട്ടുവ, കെവിൻ ഡി ബ്രുയിൻ, റൊമേലു ലുക്കാക്കു, ഈഡൻ ഹസാർഡ്.

ബെൽജിയം ടീം സ്ക്വാഡ്

ഗോൾകീപ്പർമാർ: തിബോ കോർട്ടുവ, സിമോൺ മിഗ്നോലെറ്റ്, മാറ്റ്‌സ് സെൽസ്

പ്രതിരോധനിര താരങ്ങൾ: ടോബി അൽഡർവെയ്‌ഡ്, ജാൻ വെർട്ടോങൻ, ജേസൺ ഡിനേയർ, സെഡ്രിക് ബൊയാട്ട, തോമസ് വെർമലൻ, ടിമോതി കേസ്റ്റ, തോമസ് മ്യുനിയർ

മധ്യനിര താരങ്ങൾ: കെവിൻ ഡീ ബ്രുയിൻ, ടെൻഡർ ഡെൻസോക്കർ, ഡെന്നിസ് പ്രെയ്റ്റ്, യൂറി ടെലമൻസ്, ഹാൻസ് വനാക്കിൻ, ആക്സൽ വിറ്റ്സൽ, യാനിക് കരാസ്‌കോ, നാസൽ ചാറ്റ്ലി, തോർഗൻ ഹസാർഡ്

മുന്നേറ്റനിര താരങ്ങൾ: റൊമേലു ലുക്കാക്കു, ഈഡൻ ഹസാർഡ്, ലിയൻഡ്രോ ട്രോസാർഡ്‌, മിക്കി മറ്റ്‌ഷോയി, ക്രിസ്റ്റ്യൻ ബെന്റിക്, ജെറോമി ഡോകു, ഡ്രൈസ് മാർട്ടിൻസ് .


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit