Football in Malayalam

ഗ്വാർഡിയോളയെ തോൽപ്പിക്കുന്നത് അദ്ദേഹത്തിന്റെ ആരാധകനായ ടുഷെലിനെ വേദനിപ്പിക്കുന്നുണ്ടാകുമെന്ന് ക്രിസ്റ്റ്യൻ ഹെയ്‌ഡൽ

Sreejith N
FILES-COMBO-FBL-EUR-C1-ENG-MAN CITY-CHELSEA-FINAL
FILES-COMBO-FBL-EUR-C1-ENG-MAN CITY-CHELSEA-FINAL / IAN WALTON/Getty Images
facebooktwitterreddit

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയുടെ പരിശീലകനായി ചുമതല ഏറ്റെടുത്തതിനു ശേഷം പെപ് ഗ്വാർഡിയോളക്കെതിരെ മൂന്നു വിജയങ്ങളാണ് ജർമൻ പരിശീലകനായ തോമസ് ടുഷെൽ നേടിയത്. അതിൽ കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ജയവും ഉൾപ്പെടുന്നു. എന്നാൽ പെപ്പിനെതിരെ നേടുന്ന ഓരോ വിജയവും ടുഷെലിനെ വേദനിപ്പിക്കുണ്ടാകും എന്നാണ് ജർമൻ ക്ലബായ മെയിൻസിന്റെ സ്പോർട്ടിങ് ഡയറക്ടറായ ക്രിസ്റ്റ്യൻ ഹെയ്‌ഡൽ പറയുന്നത്.

ടുഷെലിനെ യൂറോപ്പിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളെന്ന നിലയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കു വഹിച്ചയാളാണ് ഹെയ്‌ഡൽ. ഹെയ്‌ഡൽ മെയിൻസിൽ അവസരം നൽകിയതിനു ശേഷം ബൊറൂസിയ ഡോർട്മുണ്ട്, പിഎസ്‌ജി എന്നീ ടീമുകളെ പരിശീലിപ്പിച്ചതിനു ശേഷമാണ് ടുഷെൽ ചെൽസിയിലേക്കെത്തുന്നത്. അതിനു പിന്നാലെ യൂറോപ്യൻ കിരീടം ചെൽസിക്ക് സ്വന്തമാക്കി നൽകിയ ജർമൻ പരിശീലകന്റെ ആരാധനാപാത്രം പെപ് ഗ്വാർഡിയോളയാണെന്ന് ഹെയ്‌ഡൽ പറയുന്നു.

"പെപ് ഗ്വാർഡിയോളക്കെതിരായ മത്സരങ്ങളിൽ വിജയം നേടുമ്പോൾ സംതൃപ്‌തിയോ വിജയം നേടിയെന്ന തോന്നലോ ടുഷെലിന് ഉണ്ടാകില്ലെന്നാണ് ഞാൻ കരുതുന്നത്. തന്റെ വിജയത്തിന്റെ സന്തോഷത്തിനൊപ്പം തന്നെ അതദേഹത്തെ വേദനിപ്പിക്കുന്നുമുണ്ടാകും. കാരണം പെപ്പിനെ ടുഷെൽ അത്രയേറെ ആസ്വദിക്കുന്നുണ്ട്."

"പെപ്പാണ് ടുഷെലിന്റെ അടിത്തറ. പെപ് അക്കാലയളവിൽ ചെയ്‌ത പ്രവർത്തനങ്ങളെ കൃത്യമായി വിലയിരുത്തിയ ടുഷെൽ അതിൽ നിന്നു വേണ്ടതെല്ലാം ഉൾക്കൊണ്ടിട്ടുണ്ട്. ഈ ഗ്രഹത്തിൽ തന്നെ ഏറ്റവും മികച്ച പരിശീലകൻ ഗ്വാർഡിയോളയാണെന്നു ടുഷെൽ കരുതുന്നുവെന്നും പെപ്പിൽ നിന്നും പഠിച്ച കാര്യങ്ങളിൽ അവനു വളരെ നന്ദിയുണ്ടെന്നുമാണ് ഞാൻ മനസിലാക്കുന്നത്." ഗോളിനോട് ഹെയ്‌ഡൽ പറഞ്ഞു.

ടുഷെലിനു പുറമെ ലിവർപൂൾ പരിശീലകനായ യർഗൻ ക്ളോപ്പിന്റെ വളർച്ചക്കും പടവുകൾ ഒരുക്കിയ ഹെയ്‌ഡൽ പക്ഷെ ആ അംഗീകാരം ഏറ്റെടുക്കാൻ വിസമ്മതിച്ചു. രണ്ടു പരിശീലകരും സ്വന്തം കഴിവുകൾ കൊണ്ടാണ് വളർന്നു വന്നതെന്നും എന്നാൽ മെയിൻസിന്റെ ചുമതല ഏറ്റെടുത്തത് ഇരുവരുടെയും കരിയറിൽ നിർണായക സ്വാധീനം ചെലുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


facebooktwitterreddit