ലെവൻഡോസ്‌കിയെ വിട്ടുകൊടുക്കുന്നതിൽ നിലപാടു മാറ്റി ബയേൺ മ്യൂണിക്ക്
By Sreejith N

ബയേൺ മ്യൂണിക്ക് സൂപ്പർതാരം റോബർട്ട് ലെവൻഡോസ്‌കിയെ സ്വന്തമാക്കാനുള്ള ബാഴ്‌സലോണയുടെ പദ്ധതികൾ വീണ്ടും സങ്കീർണമാക്കുന്നു. ബയേണുമായി കരാർ പുതുക്കുന്നില്ലെന്നും ഈ സമ്മറിൽ ക്ലബ് വിടാനാണ് താൽപര്യമെന്നും ലെവൻഡോസ്‌കി അറിയിച്ചെങ്കിലും താരത്തെ വിൽക്കാനില്ലെന്ന നിലപാടാണ് ഇപ്പോൾ ജർമൻ ക്ലബ് എടുത്തിരിക്കുന്നത്.
സ്‌പാനിഷ് മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ലെവൻഡോസ്‌കിക്ക് ചേരുന്ന പകരക്കാരനെ കണ്ടെത്താൻ ഇതുവരെയും കഴിയാത്തതു കൊണ്ടാണ് ബയേൺ മ്യൂണിക്ക് താരത്തെ വിൽക്കുന്നില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതേ സാഹചര്യം തുടർന്നാൽ 2023ൽ കരാർ പൂർത്തിയാകുന്ന ലെവൻഡോസ്‌കിയെ അപ്പോഴേ വിട്ടുനൽകൂവെന്ന തീരുമാനം ബയേൺ എടുക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.
റിപ്പോർട്ടുകൾ പ്രകാരം ബൊറൂസിയ ഡോർട്മുണ്ട് താരം എർലിങ് ഹാലൻഡ്, ലിവർപൂൾ താരം സാഡിയോ മാനെ, ബെൻഫിക്കയുടെ ഡാർവിൻ നുനസ് എന്നിവരെയാണ് ലെവൻഡോസ്‌കിക്ക് പകരമായി ബയേൺ മ്യൂണിക്ക് പരിഗണിച്ചിരുന്നത്. ഹാലൻഡ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയപ്പോൾ നുനസിന്റെ ട്രാൻസ്‌ഫർ തുക ബയേണിന് അംഗീകരിക്കാൻ കഴിയുന്നതല്ല. മാനേയുടെ കാര്യത്തിൽ ലിവർപൂൾ ചർച്ചകൾക്കു പോലും തയ്യാറുമല്ല.
ചേരുന്ന ഒരു പകരക്കാരനെ ലഭിച്ചില്ലെങ്കിൽ ലെവൻഡോസ്‌കിയെ ഈ സമ്മറിൽ വിട്ടു നൽകാൻ കഴിയില്ലെന്ന് ബയേൺ മ്യൂണിക്ക് നേതൃത്വം താരത്തിന്റെ ഏജന്റിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ സീസണു ശേഷം ക്ലബ് വിടുകയെന്ന താരത്തിന്റെ നിലപാടിൽ മാറ്റം ഇല്ലാത്തതിനാൽ ഏജന്റായ പിനി സഹാവി ബാഴ്‌സലോണ മുന്നോട്ടു വെച്ച ഓഫർ ചർച്ച ചെയ്യാൻ ബയേണുമായി കൂടിക്കാഴ്‌ചക്ക് ഒരുങ്ങുകയാണ്.
അതേസമയം നിലവിൽ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ട്രാൻസ്‌ഫർ വിഷയത്തിൽ യാതൊരു ധൃതിയും ബാഴ്‌സലോണ കാണിക്കുന്നില്ല. ലെവൻഡോസ്‌കിയുമായി അവർ എല്ലാ രീതിയിലും ധാരണയിൽ എത്തിയതിനാൽ ഇനി ബയേൺ മ്യൂണിക്കുമായുള്ള ഇടപാടുകളാണ് പൂർത്തിയാക്കേണ്ടത്. അതേസമയം ചെൽസിക്ക് താരത്തിൽ താത്പര്യമുള്ളത് ബാഴ്‌സയ്ക്ക് ചെറിയൊരു ആശങ്ക ഉയർത്തുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.