Transfers

ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയുടെ ട്രാൻസ്‌ഫറിനു ബയേൺ മ്യൂണിക്ക് ഒരുങ്ങുന്നു

Sreejith N
Bayern To Offer 90 Million Euros For De Ligt
Bayern To Offer 90 Million Euros For De Ligt / James Williamson - AMA/GettyImages
facebooktwitterreddit

അടുത്ത സീസണിലേക്കു ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായി സാഡിയോ മാനെ, ഗ്രാവെൻബെർഷ്, നൂസർ മസ്‌റൂയി എന്നിവരെ സ്വന്തമാക്കിയ ബയേൺ മ്യൂണിക്ക് ഇനി സെന്റർ ബാക്കായി ഒരു താരത്തെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. ഇറ്റാലിയൻ ക്ലബായ യുവന്റസിന്റെ നെതർലൻഡ്‌സ് പ്രതിരോധതാരം മാത്തിയാസ് ഡി ലൈറ്റാണ് അവരുടെ ലിസ്റ്റിലുള്ള ആദ്യതാരം.

അയാക്‌സിൽ നിന്നും റെക്കോർഡ് തുകയുടെ ട്രാൻസ്‌ഫറിൽ തങ്ങൾ സ്വന്തമാക്കിയ താരത്തെ എഴുപതു മില്യൺ യൂറോയിൽ കുറഞ്ഞ തുകക്ക് വിൽക്കാൻ തയ്യാറല്ലെന്നാണ് യുവന്റസിന്റെ നിലപാട്. ഇറ്റാലിയൻ ക്ലബിൽ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന താരത്തിനു വേണ്ടി മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നീ ടീമുകളും രംഗത്തുണ്ട്.

മറ്റു ക്ലബുകളെ മറികടന്ന് ഡി ലൈറ്റിനെ സ്വന്തമാക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് ബയേൺ മ്യൂണിക്കിപ്പോൾ. ലാ ഗസറ്റ ഡെല്ല സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഡി ലൈറ്റിനു വേണ്ടി 90 മില്യൺ യൂറോയുടെ ഓഫറാണ് ബയേൺ മ്യൂണിക്ക് വാഗ്‌ദാനം ചെയ്യാൻ തയ്യാറെടുക്കുന്നത്. ട്രാൻസ്‌ഫർ ഫീസായി 75 മില്യനും അനുബന്ധ ക്ലോസുകളായി 15 മില്യനും ഉൾപ്പെടുന്ന കരാറാണ് ബയേൺ നൽകാൻ തയ്യാറെടുക്കുന്നത്.

ട്രാൻസ്‌ഫർ നടന്നാൽ ബയേൺ മ്യൂണിക്കിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകക്കുള്ള സൈനിങ്‌ ആയിരിക്കുമത്. അതിനു പുറമെ ഒരു പ്രതിരോധതാരത്തിനായി നൽകുന്ന ഏറ്റവും ഉയർന്ന ട്രാൻസ്‌ഫർ ഫീസെന്ന റെക്കോർഡും ഡി ലൈറ്റിന് സ്വന്തമാകും. താരം ചേക്കേറാൻ ഏറ്റവുമധികം സാധ്യതയുള്ള ക്ലബും ബയേൺ മ്യൂണിക്ക് തന്നെയാണ്.

facebooktwitterreddit