ലെവൻഡോസ്‌കിക്കു പകരക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ബയേൺ മ്യൂണിക്ക്

Bayern Denies Rumours That Ronaldo Will Replace Lewandowski
Bayern Denies Rumours That Ronaldo Will Replace Lewandowski / James Gill - Danehouse/GettyImages
facebooktwitterreddit

ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്ന റോബർട്ട് ലെവൻഡോസ്‌കിക്ക് പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്ത്യാനോ റൊണാൾഡോയെത്തുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ബയേൺ മ്യൂണിക്ക്. മുൻപും റൊണാൾഡോയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നിഷേധിച്ചു രംഗത്തു വന്നിട്ടുള്ള ബയേൺ മ്യൂണിക്ക് തങ്ങൾ ലക്ഷ്യമിടുന്നവരിൽ പോർച്ചുഗൽ താരം ഇല്ലെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് റോബർട്ട് ലെവൻഡോസ്‌കി ട്രാൻസ്‌ഫർ സംബന്ധിച്ച് ബാഴ്‌സലോണയും ബയേൺ മ്യൂണിക്കും തമ്മിൽ ധാരണയിൽ എത്തിയത്. പോളണ്ട് താരം ബയേൺ മ്യൂണിക്കിനോട് യാത്ര പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ലെവൻഡോസ്‌കി ബയേൺ വിടുമെന്ന് ഉറപ്പായതോടെയാണ് റൊണാൾഡോ ജർമൻ ക്ലബിലെത്തുമെന്ന അഭ്യൂഹങ്ങൾ വീണ്ടും വർധിച്ചത്.

"റൊണാൾഡോയോട് എനിക്ക് വളരെയധികം ബഹുമാനമുണ്ട്, താരത്തിന്റെ കരിയറിനോടും വിജയങ്ങളോടുമെല്ലാം അതുണ്ട്. പക്ഷെ വീണ്ടും പറയുന്നു, അതപ്പോഴും ഇപ്പോഴും ഞങ്ങളുടെ വിഷയമേയല്ല." സ്പോർട്ട് വണ്ണിനോട് സംസാരിക്കുമ്പോൾ റൊണാൾഡോ ബയേണിലെത്തുമെന്ന അഭ്യൂഹങ്ങൾക്ക് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്റർ ഹസൻ സാലിഹാമിസിച്ച് മറുപടി പറഞ്ഞു.

അടുത്ത സീസണിലും ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നതിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങുന്ന റൊണാൾഡോ പുതിയ ക്ലബ് തേടിക്കൊണ്ടിരിക്കെ ബയേൺ മ്യൂണിക്കിന്റെ നിലപാട് നിരാശപ്പെടുത്തുന്നതാണ്. എന്നാൽ ഇപ്പോഴത്തെ മാർക്കറ്റിൽ മികച്ച സ്‌ട്രൈക്കേഴ്‌സ് ലഭ്യമല്ലെന്നതിനാൽ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് ബയേൺ റൊണാൾഡോക്കു വേണ്ടി ശ്രമം നടത്താനുള്ള സാധ്യത പൂർണമായും തള്ളിക്കളായാൻ കഴിയില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.