ലെവൻഡോസ്കി പരസ്യമായി സംസാരിച്ചത് ശരിയായില്ല, താരത്തെ വിട്ടുകൊടുക്കാനില്ലെന്ന് ബയാൻ മ്യൂണിക്ക് പ്രസിഡന്റ്


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റോബർട്ട് ലെവൻഡോസ്കിയെ സ്വന്തമാക്കാനുള്ള ബാഴ്സലോണയുടെ മോഹങ്ങൾ നടക്കില്ലെന്ന സൂചനകൾ നൽകി ബയേൺ മ്യൂണിക്ക് പ്രസിഡന്റ് ഹെർബർട്ട് ഹെയ്നർ. ബയേണിന് സാമ്പത്തികപ്രതിസന്ധിയില്ലാത്തതിനാൽ ലെവൻഡോസ്കിയെ ഒഴിവാക്കേണ്ട സാഹചര്യമില്ലെന്നു പറഞ്ഞ ഹെയ്നർ താരം ക്ലബ് വിടുന്നതിനെ കുറിച്ച് പരസ്യമായി സംസാരിച്ചത് ശരിയായില്ലെന്നും പറഞ്ഞു.
"പരസ്യമായി തുറന്നു പറയാനുള്ള ലെവൻഡോസ്കിയുടെ തീരുമാനം എനിക്ക് ആശ്ചര്യമായിരുന്നു. താരത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഒരിക്കലും അങ്ങിനെ ചെയ്യില്ല. ബയേൺ മ്യൂണിക്കിൽ നിരവധി വർഷങ്ങളായി തുടരുന്ന താരം നിരവധി കിരീടങ്ങൾ വിജയിക്കുകയും രണ്ടു തവണ ലോകത്തിലെ ഏറ്റവും മികച്ച താരമാവുകയും ചെയ്തു." മുണ്ടോ ഡീപോർറ്റീവോയോട് ഹെയ്നർ പറഞ്ഞു.
"ഞങ്ങൾ എല്ലായിപ്പോഴും പറയും ലെവൻഡോസ്കിക്ക് 2023 ജൂൺ 30 വരെ കരാറുണ്ടെന്ന്, കോണ്ട്രാക്റ്റ് എന്നാൽ കോണ്ട്രാക്റ്റ് തന്നെ. ഒരു ക്ലബെന്ന നിലയിൽ അവസാന ദിവസം വരെ ഞങ്ങൾ പണം നൽകുമ്പോൾ ഒരു താരത്തിന് കരാർ അവസാനിപ്പിക്കാൻ കഴിയും എങ്കിൽ എവിടേക്കാണ് നമ്മൾ പോകുന്നത്. അത് അന്യായമാണ്. കാര്യങ്ങൾ അങ്ങനെയാകാൻ കഴിയില്ല, പ്രൊഫെഷണൽ ഫുട്ബോൾ എങ്ങിനെ ജോലി ചെയ്യുമെന്ന് താരത്തിനും പരിശീലകനും അറിയാം."
"ലെവൻഡോസ്കി ക്ലബ് വിടുമെന്ന കാര്യത്തിൽ എനിക്ക് ആശങ്കയൊന്നുമില്ല. താരം വളരെ പ്രൊഫെഷനലാണ്, ഫുട്ബോൾ കളിക്കുക എന്നതാണ് ആവശ്യം. ഭാഗ്യവശാൽ ഞങ്ങൾക്ക്ക് സാമ്പത്തികമായ ആവശ്യങ്ങളുമില്ല. ഞങ്ങൾക്ക് ഏറ്റവും മികച്ച താരങ്ങളെ വേണം, റോബർട്ട് അതിലൊരാളാണ്. അടുത്ത സീസണിലും താരം ഞങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് കരുതുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.
ലെവൻഡോസ്കിയെ സ്വന്തമാക്കാൻ വേണ്ടി ക്ലബിലുള്ള താരങ്ങളിൽ പലരെയും ഒഴിവാക്കുകയും നിക്ഷേപങ്ങൾ വരാൻ വേണ്ടി പുതിയ കരാർ സാധ്യതകൾ തേടുകയും ചെയ്യുന്ന ബാഴ്സലോണയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് ഹെയ്നറുടെ വാക്കുകൾ. അതേസമയം ബയേണിൽ തുടരാൻ പോളിഷ് സ്ട്രൈക്കർ തയ്യാറല്ലെന്നത് അവർക്കു പ്രതീക്ഷ നൽകുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.