Football in Malayalam

ഫ്രാങ്കീ ഡി ജോങിനെ വേണം, ബാഴ്‌സലോണക്ക് തലവേദന സമ്മാനിക്കാൻ ബയേൺ മ്യൂണിക്ക്

Sreejith N
Athletic de Bilbao v FC Barcelona - Spanish Copa del Rey
Athletic de Bilbao v FC Barcelona - Spanish Copa del Rey / Soccrates Images/GettyImages
facebooktwitterreddit

ബാഴ്‌സലോണ മധ്യനിര താരമായ ഫ്രാങ്കീ ഡി ജോങിനെ ലക്ഷ്യമിട്ട് ജർമൻ ക്ലബായ ബയേൺ മ്യൂണിക്ക്. സാവി പരിശീലകനായി എത്തിയതിനു ശേഷം ബാഴ്‌സലോണയുടെ ശൈലിയുമായി പൂർണമായും ഇണങ്ങിച്ചേരാൻ കഴിഞ്ഞിട്ടില്ലാത്ത താരത്തെ അടുത്ത ഈ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബിലെത്തിക്കാനുള്ള നീക്കങ്ങൾ ബയേൺ മ്യൂണിക്ക് ആരംഭിച്ചുവെന്ന് മാർക്ക റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ടുകൾ പ്രകാരം ഫ്രാങ്കീ ഡി ജോങിന്റെ ഏജന്റുമായി ബയേൺ മ്യൂണിക്ക് നേതൃത്വം ബന്ധപ്പെട്ടിട്ടുണ്ട്. വരുന്ന ആഴ്‌ച താരത്തിന്റെ ഭാവിയിൽ നിർണായകമായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ നിലവിൽ ക്ലബ് പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയം ആയതിനാലും ജനുവരി ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നതു കൊണ്ടും താരത്തെ ബാഴ്‌സ വിട്ടു കൊടുക്കാനുള്ള സാധ്യത കുറവാണ്.

ബാഴ്‌സലോണ താരങ്ങളുടെ ഇടയിലേക്ക് ബയേൺ മ്യൂണിക്ക് കടന്നു വരുന്നത് ഇതാദ്യമായിട്ടല്ല. നേരത്തെ ടീമിലെ മറ്റൊരു മധ്യനിര താരമായ പെഡ്രിയുടെ കരാർ പുതുക്കാനുള്ള നീക്കങ്ങളിൽ ഇടപെട്ട് താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബയേൺ മ്യൂണിക്ക് നടത്തിയിരുന്നു. ഇതിനു പുറമെ അയാക്‌സിൽ നിന്നും വന്ന ഫുൾ ബാക്കായ സെർജിനോ ഡെസ്റ്റിനെയും ബയേൺ ടീമിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നു.

അതേസമയം ബാഴ്‌സലോണയിൽ ഫ്രാങ്കീ ഡി ജോങിന്റെ ഭാവിയെ സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാവിയുടെ ശൈലിയിൽ തന്റെ മികവു പുറത്തെടുക്കാൻ ബുദ്ധിമുട്ടുന്ന താരം ഈ സീസൺ കഴിയുന്നതു വരെ താളം വീണ്ടെടുത്തില്ലെങ്കിൽ പുതിയ മികച്ച താരങ്ങളെ അടുത്ത സീസണിൽ എത്തിക്കുന്നതിനു വേണ്ടി ഫ്രാങ്കീയെ ബാഴ്‌സലോണ വിൽക്കാനുള്ള സാധ്യതയുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit