ബാഴ്സലോണയും ചെൽസിയും ലക്ഷ്യമിടുന്ന ബയേൺ താരം താൻ ചേക്കേറുന്ന ക്ലബ്ബിനെ തിരഞ്ഞെടുത്തു കഴിഞ്ഞെന്ന് ഏജന്റ്


ഈ സീസണു ശേഷം ബയേൺ മ്യൂണിക്കുമായുള്ള കരാർ അവസാനിക്കുന്ന ജർമൻ പ്രതിരോധതാരമായ നിക്ളാസ് സുളെ അടുത്ത സമ്മറിൽ ഏതു ക്ലബ്ബിലേക്കാണു ചേക്കേറുകയെന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടുണ്ടെന്ന് താരത്തിന്റെ ഏജന്റായ വോൾക്കർ സ്ട്രൂത്ത് വ്യക്തമാക്കി. താരത്തെ ടീമിലെത്തിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ബാഴ്സലോണ, ചെൽസി ക്ലബുകളുടെ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ് ഏജന്റിന്റെ വെളിപ്പെടുത്തൽ.
ഇരുപത്തിയാറുകാരനായ ജർമൻ താരത്തിന്റെ കരാറിൽ ആറു മാസം മാത്രം ബാക്കി നിൽക്കെ അതു പുതുക്കാനുള്ള ശ്രമം ബയേൺ മ്യൂണിക്ക് ഈ സീസണിനിടെ നടത്തിയെങ്കിലും സുളെ അതിനോട് അനുകൂലമായി പ്രതികരിച്ചില്ല. പരിക്കേറ്റിരുന്നു സമയത്ത് കരാർ പുതുക്കാൻ ബയേൺ യാതൊരു ശ്രമവും നടത്തിയതിനാൽ ജർമൻ ക്ലബിൽ താൻ വിലമതിക്കപെടുന്നില്ലെന്ന ധാരണ താരത്തിനുണ്ടായെന്നും ഏജന്റ് പറയുന്നു.
Bayern Munich's Niklas Sule has decided on his next club amid Chelsea links ?#CFC https://t.co/hTIFPvekmw
— Chelsea FC News (@Chelsea_FL) February 6, 2022
"സുളെക്ക് പരിക്കേറ്റ സമയത്ത് ക്ലബ് ഞങ്ങളെ സമീപിച്ചിരുന്നു എങ്കിൽ ഇന്നത്തെ സാഹചര്യങ്ങൾ ചിലപ്പോൾ മാറിയേനെ. പക്ഷെ അത് സംഭവിച്ചില്ല. അതിനാൽ തനിക്കു വേണ്ടത്ര മൂല്യം ലഭിക്കുന്നില്ലെന്ന വിഷമം താരത്തിനുണ്ടായി. താരത്തോടുള്ള താൽപര്യം കാണിക്കാൻ വലിയൊരു തുകയുടെ ഓഫർ മാത്രം മതിയാകില്ല." സ്പോർട് വണ്ണിനോട് സ്ട്രൂത്ത് പറഞ്ഞു.
"പുതിയ ക്ലബ് ഏതാണെന്ന തീരുമാനം എടുത്തു കഴിഞ്ഞിട്ടുണ്ട്. വളരെ കുറച്ചു സമയം മാത്രമേ ആയിട്ടുള്ളൂ. ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് കളിക്കുകയെന്നതാണ് അതിൽ പ്രധാനം. സുളെക്ക് എവിടെ നിന്നും നല്ല പണം നേടാൻ കഴിയും. താരം ചാമ്പ്യൻസ് ലീഗിൽ കളിക്കുകയും ചെയ്യും. നിങ്ങൾക്ക് സുളെയെ പോലൊരു താരത്തെ ലഭിച്ചുവെങ്കിൽ അതിനു പണം മുടക്കേണ്ടി വരും." ഏജന്റ് വ്യക്തമാക്കി.
ബയേൺ മ്യൂണിക്കുമായി ട്രാൻസ്ഫർ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരിയിൽ ഇതു സംബന്ധിച്ച് ഒരു കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം ഉണ്ടായെങ്കിലും അതു വേണ്ടെന്ന് പിന്നീട് താരം തീരുമാനിച്ചതായും വ്യക്തമാക്കിയ സ്ട്രൂത്ത് ഈ തീരുമാനം താരം മാറ്റാനുള്ള സാധ്യത വളരെ കുറവാണെന്നും വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.