Football in Malayalam

എർലിങ് ഹാലൻഡിനെ സ്വന്തമാക്കുന്നതിനായി റോബർട്ട് ലെവൻഡോസ്‌കിയെ ബയേൺ വിൽക്കാൻ സാധ്യത

Sreejith N
FC Bayern München v FC Barcelona: Group E - UEFA Champions League
FC Bayern München v FC Barcelona: Group E - UEFA Champions League / Quality Sport Images/GettyImages
facebooktwitterreddit

ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡിനെ സ്വന്തമാക്കാൻ വേണ്ടി റോബർട്ട് ലെവൻഡോസ്‌കിയെ വിൽക്കുന്ന കാര്യം ബയേൺ മ്യൂണിക്ക് ആലോചിക്കുന്നു. 2023ൽ കരാർ അവസാനിക്കുന്ന പോളണ്ട് താരം അതു നീട്ടാൻ തയ്യാറാണെങ്കിലും കരാറിലെ ഉടമ്പടികളുടെ കാര്യത്തിൽ ധാരണയായില്ലെങ്കിൽ ലെവൻഡോസ്‌കിയെ സമ്മറിൽ വിൽക്കാനാണ് ബയേൺ മ്യൂണിക്ക് ആലോചിക്കുന്നത്.

ഈ വർഷത്തെ ബാലൺ ഡി ഓർ വോട്ടെടുപ്പിൽ ലയണൽ മെസിക്കു പിന്നിൽ രണ്ടാം സ്ഥാനത്തു വന്ന ലെവൻഡോസ്‌കി ഈ സീസണിലിതു വരെ മാത്രം 29 ഗോളുകളാണ് നേടിയിട്ടുള്ളത്. താരത്തെ നഷ്‌ടമാകുന്നത് ബയേൺ മ്യൂണിക്കിനു വലിയ തിരിച്ചടിയാണെങ്കിലും ക്ലബിന്റെ ദീർഘകാല ഭാവിയിലേക്ക് മുതൽക്കൂട്ടാവുന്ന ഒരു താരത്തെ പകരമെത്തിക്കാൻ അവർക്ക് കഴിയും.

ലെവൻഡോസ്‌കിയെ വിൽക്കേണ്ട സാഹചര്യം ഉണ്ടായാൽ 60 മില്യൺ യൂറോ വരെയാണ് ബയേൺ മ്യൂണിക്ക് ട്രാൻസ്‌ഫർ തുകയായി പ്രതീക്ഷിക്കുന്നതെന്ന് ജർമൻ മാധ്യമമായ ബിൽഡ് റിപ്പോർട്ടു ചെയ്യുന്നു. ഈ തുക കൊണ്ടു തന്നെ ഹാലൻഡിനെ ബയേണിനു സ്വന്തമാക്കാൻ കഴിയും. അടുത്ത സമ്മറിൽ താരത്തിന്റെ റിലീസിംഗ് ക്ളോസ് 64 മില്യൺ പൗണ്ടായി കുറയുമെന്നാണ് റിപ്പോർട്ടുകൾ.

ലെവൻഡോസ്‌കിക്ക് ചേരുന്ന ഒരു പകരക്കാരൻ തന്നെയായിരിക്കും ഹാലാൻഡ് എന്നതിൽ യാതൊരു സംശയവും ഇല്ല. ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 17 ഗോളുകൾ നേടിയ താരം ബൊറൂസിയ ഡോർട്മുണ്ടിനു വേണ്ടി 73 മത്സരങ്ങളിൽ നിന്നും 74 ഗോളുകൾ നേടിയിട്ടുണ്ട്. ബയേൺ മ്യൂണിക്കിലെത്തിയാൽ ഇതിനേക്കാൾ മികച്ച പ്രകടനം ഹാലൻഡിനു നടത്താനും കഴിയും.

ബയേൺ മ്യൂണിക്ക് വിടാനുള്ള ആഗ്രഹം ലെവൻഡോസ്‌കി പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ടെന്നതും ഇതിനൊപ്പം ചേർത്തു വായിക്കാം. വേറൊരു ലീഗിൽ കളിക്കാനും അവിടത്തെ ഭാഷയും സംസ്‌കാരവും അറിയാനും താൽപര്യമുണ്ടെന്നു പറഞ്ഞിട്ടുള്ള താരം ബയേൺ വിടുകയാണെങ്കിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറാനാണ് സാധ്യത കൂടുതൽ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit