Football in Malayalam

പിഎസ്‌ജിയുടെ വേതനബിൽ ഫൈനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന സംശയം പ്രകടിപ്പിച്ച് ബയേൺ മേധാവി

Sreejith N
Paris Saint Germain v RC Strasbourg - Ligue 1
Paris Saint Germain v RC Strasbourg - Ligue 1 / John Berry/Getty Images
facebooktwitterreddit

ബാഴ്‌സയിൽ നിന്നും ലയണൽ മെസിയെക്കൂടി ടീമിന്റെ ഭാഗമാക്കിയതോടെ പിഎസ്‌ജിയുടെ വേതനബിൽ യുവേഫയുടെ ഫൈനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളുടെ പരിധിയിൽ വരുന്നത് എങ്ങനെയാണെന്ന സംശയം പ്രകടിപ്പിച്ച് ബയേൺ മ്യൂണിക്ക് പ്രസിഡന്റ് ഹെർബർട്ട് ഹെയ്നർ. ഫ്രഞ്ച് ക്ലബ് എങ്ങനെയാണ് സാമ്പത്തിക നിയന്ത്രണങ്ങളെ മറികടക്കാതെ ഇത്രയും സൂപ്പർ താരങ്ങളെ ടീമിന്റെ ഭാഗമാക്കുന്നതെന്നു തനിക്ക് ഇതുവരെയും മനസിലായിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാത്രം നാലു വമ്പൻ താരങ്ങളാണ് പിഎസ്‌ജിയിൽ എത്തിയിരിക്കുന്നത്. റയൽ മാഡ്രിഡിൽ നിന്നും സെർജിയോ റാമോസ്, ലിവർപൂളിൽ നിന്നും വൈനാൽഡം, എസി മിലാനിൽ നിന്നും ഡോണറുമ്മ എന്നിവരെ സ്വന്തമാക്കിയ പിഎസ്‌ജി അതിനു ശേഷം മെസ്സിയെയും ടീമിലെത്തിച്ചു. ഈ നാലു താരങ്ങളുടെയും ഫ്രീ ട്രാൻസ്‌ഫർ ആയിരുന്നെങ്കിലും ഉയർന്ന വേതനമാണ് ഇവർക്കുള്ളതെന്നതാണ് സംശയങ്ങൾ ഉയർത്തുന്നത്. ഇതിനു പുറമെ ഇന്ററിൽ നിന്നും ഹക്കിമിയും ടീമിൽ എത്തിയിട്ടുണ്ട്.

"ഫൈനാൻഷ്യൽ ഫെയർ പ്ലേയോട് ഇതെല്ലാം എങ്ങിനെ ഒത്തു പോകുന്നുവെന്ന് മനസിലാക്കാൻ ഞാനിപ്പോഴും ശ്രമിക്കുകയാണ്. പിഎസ്‌ജി ടീമിനെ മെച്ചപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നതിനാൽ അതെങ്ങനെ യുവേഫ നിയമവുമായി പൊരുത്തപ്പെടുമെന്ന് ഞങ്ങൾ സൂക്ഷ്മമായി പരിശോധിക്കും. ഞങ്ങളതിൽ ഉറച്ചു നിൽക്കുന്നു, മറ്റു ക്ലബുകളും അതു ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു."

"ഞാൻ പിഎസ്‌ജിയെ വളരെപ്പെട്ടന്ന് വിലയിരുത്തുന്നില്ല, പക്ഷെ അവരുടെ വാങ്ങൽ നയം വളരെ വലുതാണ്. ഇത് ട്രാൻസ്‌ഫർ ഫീസല്ല, ശമ്പളമാണ്. മെസി നാൽപതു മില്യൺ പൗണ്ട് വേതനം വാങ്ങിക്കുമെന്ന് ഞാൻ കേൾക്കുമ്പോൾ അതു മൊത്തത്തിൽ എൺപതു മില്യനാണ്. ഇതിനു പുറമെയാണ് ഹക്കിമി, റാമോസ്, ഡോണറുമ്മ എന്നിവരെല്ലാം വരുന്നത്," സ്‌പോർട്ബിൽഡിനോട് ഹെയ്നർ പറഞ്ഞു.

നേരത്തെ ബയേൺ മ്യൂണിക്കിന്റെ പുതിയ പരിശീലകനായ ജൂലിയൻ നെഗൽസ്‌മാനും പിഎസ്‌ജി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ക്ലബുകൾ വൻതുകയ്ക്ക് താരങ്ങളെ വാങ്ങുന്നതിൽ തന്റെ വിമർശനം രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബയേൺ പ്രസിഡന്റും സമാനമായ പ്രശ്‌നം സൂചിപ്പിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit