Football in Malayalam

എർലിങ് ഹാലൻഡിനെ സ്വന്തമാക്കാൻ താൽപര്യമില്ലെന്ന് ബയേൺ മ്യൂണിക്ക് പ്രസിഡന്റ്

Sreejith N
VfL Bochum v Borussia Dortmund - Bundesliga
VfL Bochum v Borussia Dortmund - Bundesliga / Joosep Martinson/GettyImages
facebooktwitterreddit

വരാനിരിക്കുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഏറെ ചർച്ചകൾ ഉയരാൻ സാധ്യതയുള്ള ട്രാൻസ്‌ഫറായിരിക്കും ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡിന്റേത്. ക്ലബിനു വേണ്ടി ഗോളുകൾ അടിച്ചു കൂട്ടി തരംഗം സൃഷ്‌ടിക്കുന്ന താരത്തിനു വേണ്ടി യൂറോപ്പിലെ ഒട്ടുമിക്ക പ്രധാന ക്ലബുകളും രംഗത്തുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമാണ്.

എന്നാൽ ഹാലൻഡിനു വേണ്ടി സജീവമായി ശ്രമം നടത്തുന്ന ഒരു ക്ലബ് തങ്ങളാണെന്ന റിപ്പോർട്ടുകളെ പൂർണമായും തള്ളിക്കളയുന്ന പ്രതികരണമാണ് കഴിഞ്ഞ ദിവസം ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിന്റെ പ്രസിഡന്റായ ഹെർബട്ട് ഹെയ്‌നർ നടത്തിയത്. റോബർട്ട് ലെവൻഡോസ്‌കിയെ പോലൊരു ലോകോത്തര സ്‌ട്രൈക്കർ ടീമിലുള്ളപ്പോൾ ഹാലൻഡിനെ സ്വന്തമാക്കാൻ തങ്ങൾക്കു താൽപര്യമില്ലെന്നാണ് ഹെയ്‌നർ വ്യക്തമാക്കിയത്.

"ഹാലൻഡിൽ ഞങ്ങൾക്കു താൽപര്യമില്ല. ലോകത്തിലെ ഏറ്റവും മികച്ച ഫോർവേഡായ റോബർട്ട് ലെവൻഡോസ്‌കി ഞങ്ങളുടെ കൂടെയുണ്ട്." സ്‌പോർട് വണിനു നൽകിയ അഭിമുഖത്തിൽ ഹെയ്‌നർ പറഞ്ഞു.

"ലെവൻഡോസ്‌കി ഏതാനും വർഷങ്ങൾ കൂടി ഇതേ തലത്തിൽ കളിക്കും. ഗോളുകൾ ഉറപ്പു നൽകുന്ന താരത്തെ നിലനിർത്താൻ ഞങ്ങൾക്ക് സന്തോഷം മാത്രമേയുള്ളൂ. ഞാനും ക്ലബിന്റെ നേതൃത്വത്തിലുള്ള മറ്റാളുകളും അദ്ദേഹത്തെ ഒരുപാട് അഭിനന്ദിക്കുന്നുണ്ട്, താരത്തോട് ഞങ്ങളത് ഒരുപാട് തവണ പറഞ്ഞിട്ടുമുണ്ട്." ഹെയ്‌നർ വ്യക്തമാക്കി.

ലെവൻഡോസ്‌കിയെ നിലനിർത്താനാണ് ബയേൺ മ്യൂണിക്ക് ഉദ്ദേശിക്കുന്നത് എങ്കിലും താരം ക്ലബിൽ തുടരുമോയെന്ന കാര്യം പൂർണമായും ഉറപ്പിക്കാൻ കഴിയില്ല. കഴിഞ്ഞ സീസണു ശേഷം തന്നെ പുതിയ രാജ്യവും പുതിയ സംസ്‌കാരവും മനസിലാക്കാൻ മറ്റുള്ള ലീഗുകളിലേക്ക് ചേക്കേറാനുള്ള താൽപര്യം ലെവൻഡോസ്‌കി പ്രകടിപ്പിച്ചിരുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit