ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് അവരുടെ സൂപ്പർ താരങ്ങളെ റാഞ്ചാൻ കോപ്പു കൂട്ടി ബയേൺ മ്യൂണിക്ക്

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്സലോണയുടെ സാമ്പത്തിക സാഹചര്യങ്ങൾ മുതലെടുത്ത് കൊണ്ട് അവരുടെ താരങ്ങളെ റാഞ്ചാനുള്ള പദ്ധതികൾ യൂറോപ്പിലെ ചില വമ്പൻ ക്ലബ്ബുകൾക്കുണ്ടെന്നും അതിൽ പ്രധാനികൾ ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്കാണെന്നും റിപ്പോർട്ട്. ബാഴ്സലോണയുടെ പല താരങ്ങളേയും ബയേണിന് നോട്ടമുണ്ടെന്നും, ക്ലബ്ബിന്റെ സാമ്പത്തിക അവസ്ഥ കൃത്യമായി നിരീക്ഷിക്കുന്ന അവർ, അടുത്ത സമ്മറിൽ കാറ്റലൻ ക്ലബിന്റെ ചില താരങ്ങൾക്കായി ശ്രമം നടത്തിയേക്കുമെന്നും സ്പാനിഷ് മാധ്യമമായ സ്പോർടാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മുൻ വർഷങ്ങളിൽ പല ബാഴ്സലോണ താരങ്ങളേയും സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ള ക്ലബ്ബാണ് ബയേൺ മ്യൂണിക്ക്. ആന്ദ്രെ ടെർ സ്റ്റെഗൻ, ഫ്രെങ്കി ഡി ജോംഗ്, സെർജിനോ ഡെസ്റ്റ്, പെഡ്രി എന്നിവർ ബയേൺ നോട്ടമിട്ട ബാഴ്സലോണ താരങ്ങളിൽ ചിലർ മാത്രം. 2018ൽ ഡി ജോംഗിൽ കണ്ണുണ്ടായിരുന്ന ബയേൺ, മുപ്പത്തിയഞ്ചുകാരനായ മാനുവൽ ന്യൂയർക്ക് പകരക്കാരനായി ടെർ സ്റ്റെഗനെ ടീമിലേക്ക് കൊണ്ടു വരാൻ ഇപ്പോളും താല്പര്യപ്പെടുന്നുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
സാമ്പത്തികപരമായി നിലവിൽ മികച്ച നിലയിലുള്ള ബയേൺ, കാറ്റലൻ ക്ലബ്ബിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരവസരമായെടുത്ത് അടുത്ത വേനൽക്കാലത്ത് തങ്ങൾക്ക് ആവശ്യമുള്ള ചില താരങ്ങൾക്കായി ശക്തമായി രംഗത്തെത്തുമെന്നാണ് സൂചനകൾ. സാമ്പത്തിക സാഹചര്യങ്ങൾ മികച്ചതാണെന്നതിന് പുറമേ കളിക്കളത്തിലും ബാഴ്സലോണയേക്കാൾ പതിന്മടങ്ങ് മികവ് സമീപകാലത്ത് ബയേൺ പ്രകടിപ്പിക്കുന്നുണ്ട്. ഇതും ജർമൻ ക്ലബ്ബിലേക്ക് താരങ്ങളെ ആകർഷിക്കുന്ന ഘടകമായേക്കാം.
അതേ സമയം ബയേൺ മ്യൂണിക്ക് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം ബാഴ്സലോണക്കും അറിയാമെന്നാണ് സ്പോർട് റിപ്പോർട്ട് ചെയ്യുന്നത്. ബയേണിനെപ്പോലെ മറ്റ് ചില യൂറോപ്യൻ ക്ലബ്ബുകളും സമാനമായ രീതിയിൽ ബാഴ്സലോണയിലെ അവസ്ഥ നിരീക്ഷിക്കുന്നുണ്ടെന്നും, വരുന്ന വേനൽക്കാലത്ത് അതിൽ നിന്ന് പ്രയോജനം നേടാൻ കോപ്പു കൂട്ടുകയാണ് ഈ ക്ലബ്ബുകളെന്നുമാണ് കരുതപ്പെടുന്നത്.