ഡി ലൈറ്റിനെ സ്വന്തമാക്കാമെന്ന വർദ്ധിത ആത്മവിശ്വാസത്തിൽ ബയേൺ മ്യൂണിക്ക്

യുവന്റസിന്റെ ഡച്ച് പ്രതിരോധ താരം മത്തായിസ് ഡി ലൈറ്റിനെ സ്വന്തമാക്കാമെന്ന വർദ്ധിത ആത്മവിശ്വാസത്തിൽ ബയേണ്‍ മ്യൂണിക്ക്.
ബയേണ്‍ മ്യൂണിക്കിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ഹസന്‍ സാലിഹമിസിച്ച് യുവന്റസ് മേധാവികളുമായി ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ സ്വന്തമാക്കാമെന്ന ശുഭാപ്തിവിശ്വാസം ബയേൺ പ്രകടിപ്പിക്കുന്നത്.
"നമുക്ക് കാണാം. ഡിലിറ്റിന്റെ ഇടപാടിനെ കുറിച്ച് എനിക്ക് ഒന്നും പറയാന്‍ കഴിയില്ല. ശുഭാപ്തിവിശ്വാസം? ഞങ്ങള്‍ എപ്പോഴും ശുഭാപ്തിവിശ്വാസികളാണ്," യുവന്റസുമായി തിങ്കളാഴ്ച നടന്ന ചർച്ചകൾക്ക് ശേഷം സാലിഹമിസിച്ച് വ്യക്തമാക്കി.
ബയേണിന് പുറമെ പ്രീമിയര്‍ ലീഗ് ക്ലബായ ചെൽസിക്കും താരത്തിൽ താത്പര്യമുണ്ടെങ്കിലും, ജര്‍മന്‍ വമ്പന്മാരാണ് ഇപ്പോള്‍ ഈ നീക്കത്തില്‍ മുന്നിലെത്തിയിരിക്കുന്നത്. ബയേണിലേക്ക് ചേക്കേറുന്നതിനാണ് ഡി ലൈറ്റ് മുൻഗണന നൽകുന്നത്. ബയേണ്‍ സ്‌പോര്‍ടിങ് ഡയറക്ടറും, പരിശീലകന്‍ ജൂലിയന്‍ നാഗെൽസ്‌മാനും ഡി ലൈറ്റിന്റെ പ്രതിനിധികൾക്ക് സമര്‍പ്പിച്ച പ്രപ്പോസലില്‍ താരം സന്തുഷ്ടനാണെന്നാണ് വിവരം. വ്യക്തിഗത നിബന്ധനകളുടെ കാര്യത്തിൽ താരവുമായി ബയേൺ പൊതു ധാരണയിലെത്തിയതായും 90min മനസിലാക്കുന്നു.
"നിങ്ങള്‍ക്കെല്ലാം അറിയുന്ന പോലെ ഇന്നലെ ബയേണുമായി ഒരു മീറ്റിങ് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം യുവന്റസിന്റെ കളിക്കാരനാണ്. അവന്‍ നന്നായി പരിശീലനം നടത്തുന്നുണ്ട്," ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡി ലൈറ്റിന്റെ ഭാവിയെ കുറിച്ച് ഇങ്ങനെയായിരുന്നു മാക്‌സ് അല്ലെഗ്രി വിശദീകരിച്ചത്.
അതേ സമയം, യുവന്റസ് 100 മില്യൺ യൂറോയാണ് താരത്തിനായി ചോദിക്കുന്നത്. എന്നാല്‍ ഈ തുക നല്‍കാന്‍ സന്നദ്ധരല്ലെന്നാണ് ബയേണിന്റെ നിലപാട്.