Football in Malayalam

സബ്സ്റ്റിറ്റ്യൂട്ട് ചെയ്‌തതിലെ പിഴവുകൾ, പന്ത്രണ്ടു താരങ്ങൾ ബയേൺ മ്യൂണിക്കിനായി ഒരുമിച്ചു കളത്തിലിറങ്ങി

Sreejith N
Bayern Munich Have 12 Players On The Field In Win Against Freiburg
Bayern Munich Have 12 Players On The Field In Win Against Freiburg / Matthias Hangst/GettyImages
facebooktwitterreddit

ജർമൻ ലീഗിൽ ഇന്നലെ ഫ്രീബർഗും ബയേൺ മ്യൂണിക്കും തമ്മിൽ നടന്ന മത്സരത്തിനിടെ അരങ്ങേറിയത് അസാധാരണ സംഭവങ്ങൾ. താരങ്ങൾക്ക് പകരക്കാരെ ഇറക്കുന്നതിൽ പാകപ്പിഴ സംഭവിച്ചതു കൊണ്ട് കുറച്ചു നേരത്തേക്ക് ബയേൺ മ്യൂണിക്കിന്റെ പന്ത്രണ്ടു താരങ്ങളാണ് ഒപ്പം മൈതാനത്തുണ്ടായിരുന്നത്. കളി തടസപ്പെടാൻ ഇതു കാരണമാവുകയും ചെയ്‌തു.

എൺപതാം മിനുട്ടിനു ശേഷമാണ് സംഭവം ഉണ്ടായത്.കൊറെന്റിൻ ടോലിസോക്ക് പകരം നിക്കളാസ് സുളെയും കിങ്‌സ്‌ലി കോമാനു പകരം മാഴ്‌സൽ സാബിറ്റ്‌സറും കളത്തിലിറങ്ങിയിരുന്നു. എന്നാൽ തന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്‌ത കാര്യം അറിയാതിരുന്ന കോമാൻ കളിക്കളത്തിൽ തന്നെ തുടർന്നതാണു മൈതാനത്ത് പന്ത്രണ്ടു പേരുണ്ടാവാൻ കാരണമായത്. ഫ്രീബർഗ് താരം ഇതു ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് സംഭവം പരിഹരിക്കുകയും ചെയ്‌തു.

ഇലക്ട്രോണിക്ക് സബ്സ്റ്റിറ്റ്യൂഷൻ ബോർഡാണ് ഈ പിഴവിനു കാരണമെന്ന് മത്സരത്തിന് ശേഷം ബയേൺ മ്യൂണിക്ക് കോച്ച് നാഗൽസ്‌മാൻ പറഞ്ഞു. കോമാനെ പിൻവലിക്കേണ്ട സമയത്ത് താരത്തിന്റെ നമ്പറായ പതിനൊന്നിനു പകരം ഇരുപത്തി ഒൻപതാണ് ബോർഡിൽ കാണിച്ചത്. തന്നെ പിൻവലിച്ച കാര്യം അറിയാതിരുന്ന കോമാൻ പത്ത് സെക്കൻഡോളം മൈതാനത്ത് തുടർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് ബയേൺ മ്യൂണിക്ക് സ്വന്തമാക്കിയത്. ഗോരേറ്സ്ക, ഗ്നാബ്രി, കോമാൻ, സാബിറ്റ്‌സർ എന്നിവർ ബയേണിനായി ഗോൾ കണ്ടെത്തിയപ്പോൾ ഫ്രീബർഗിന്റെ ആശ്വാസഗോൾ നിൽസ് പീറ്റേഴ്‌സന്റെ വകയായിരുന്നു. വിജയത്തോടെ ഡോർട്മുണ്ടുമായുള്ള പോയിന്റ് വ്യത്യാസം ഒൻപതാക്കി വർധിപ്പിക്കാൻ ബയേണിനായി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit