ലെവൻഡോസ്‌കിക്കു പകരക്കാരനായി റൊണാൾഡോയെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്ക്

Bayern Munich Want Cristiano Ronaldo To Replace Robert Lewandowski
Bayern Munich Want Cristiano Ronaldo To Replace Robert Lewandowski / Gonzalo Arroyo Moreno/GettyImages
facebooktwitterreddit

റോബർട്ട് ലെവൻഡോസ്‌കിക്കു പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിനു താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകൾ. രണ്ടു താരങ്ങളെയും പരസ്‌പരം കൈമാറാനുള്ള ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡിനു മുന്നിൽ വെക്കാൻ ബയേൺ ഒരുങ്ങുകയാണെന്ന് സ്‌പാനിഷ്‌ മാധ്യമമായ എഎസ് റിപ്പോർട്ടു ചെയ്യുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറയാൻ സാധ്യത ഉള്ളതിനാൽ ക്ലബിലെ തന്റെ ഭാവിയെക്കുറിച്ച് റൊണാൾഡോ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം ലെവൻഡോസ്‌കി ബയേൺ മ്യൂണിക്ക് വിടാനുള്ള തന്റെ താൽപര്യം നേരത്തെ തന്നെ അറിയിച്ചു കഴിഞ്ഞതാണ്. ഈ സാഹചര്യത്തിലാണ് ബയേൺ ലെവൻഡോസ്‌കിയെയും റൊണാൾഡോയെയും പരസ്‌പരം കൈമാറാനുള്ള സാധ്യത തേടുന്നത്.

റോബർട്ട് ലെവൻഡോസ്‌കിയെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമങ്ങൾ തുടരുമ്പോൾ അതിനോട് ബയേൺ അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ലിവർപൂളിൽ നിന്നും സാഡിയോ മാനെയെ സ്വന്തമാക്കിയെങ്കിലും ചേരുന്ന ഒരു പകരക്കാരനെ ലഭിച്ചാൽ മാത്രമേ പോളിഷ് താരത്തെ ബയേൺ വിട്ടു നൽകൂ. റൊണാൾഡോക്ക് ലെവൻഡോസ്‌കിയുടെ അഭാവം പരിഹരിക്കാൻ കഴിയുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വേണ്ടത്ര ഇടപെടലുകൾ നടത്താത്തതിൽ റൊണാൾഡോക്ക് നിരാശയുണ്ട്. മറ്റു ക്ലബുകൾ കിരീടത്തിനായി യൂറോപ്പിലെ മികച്ച താരങ്ങളെ എത്തിക്കുമ്പോൾ യുണൈറ്റഡ് നിഷ്ക്രിയമായി തുടരുന്നത് അടുത്ത സീസണിൽ ടീം കിരീടങ്ങൾ നേടാനുള്ള സാധ്യത ഇല്ലാതാക്കും എന്നതിനാലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ബയേണിലേക്ക് ചേക്കേറുന്നത് തനിക്ക് കൂടുതൽ കിരീടങ്ങൾ നേടാനുള്ള സാധ്യത വർധിപ്പിക്കും എന്നതിനാൽ പ്രതിഫലം വെട്ടിക്കുറക്കാനും റൊണാൾഡോ തയ്യാറാണ്. അതേസമയം ലെവൻഡോസ്‌കി ബാഴ്‌സയെയാണ് പരിഗണിക്കുന്നത് എന്നതിനാൽ കൈമാറ്റക്കരാർ നടക്കാൻ സാധ്യത കുറവാണ്. ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള താരത്തെ ട്രാൻസ്‌ഫർ ഫീസ് നൽകി ബയേൺ സ്വന്തമാക്കേണ്ടി വരും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.