ലിവർപൂൾ താരം സാഡിയോ മാനെയെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്

ലിവർപൂളിൽ നിന്ന് സെനഗല്‍ താരം സാഡിയോ മാനെയെ സ്വന്തമാക്കി ബയേൺ മ്യുണിക്ക്. മൂന്ന് വർഷ കരാറിലാണ് താരത്തെ ബയേൺ ടീമിലെത്തിച്ചത്.
35 മില്യന്‍ പൗണ്ടിനാണ് ജർമൻ വമ്പന്മാർ താരത്തെ സ്വന്തമാക്കിയത്. നേരത്തെയും മാനെക്ക് വേണ്ടി ബയേണ്‍ ലിവര്‍പൂളിന് ഓഫര്‍ നല്‍കിയിരുന്നു. ആദ്യം 25 മില്യന്‍ പൗണ്ടും പിന്നീട് 30 മില്യന്‍ പൗണ്ടുമായിരുന്നു മാനെക്കായി ഓഫര്‍ ചെയ്തിരുന്നത്. എന്നാൽ ഇതെല്ലം ലിവർപൂൾ നിരസിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് 35 മില്യന്‍ പൗണ്ട് നല്‍കിയാണ് ലിവര്‍പൂളില്‍ നിന്ന് മാനെയെ ബയേണ്‍ സ്വന്തമാക്കിയത്.
ബയേണുമായി കരാര്‍ ഒപ്പിട്ടതോടെ മാനെയുടെ ലിവര്‍പൂളുമൊത്തുള്ള ആറു വര്‍ഷത്തെ യാത്രക്കാണ് അവസാനമായത്.
ലിവര്‍പൂളിന്റെ മുന്നേറ്റത്തിലെ പ്രധാനിയായിരുന്ന മാനെ ചെമ്പടക്ക് വേണ്ടി 269 മത്സരങ്ങളിൽ നിന്ന് 120 ഗോളുകളാണ് സ്വന്തമാക്കിയത്. 2016ല്‍ സൗതാംപ്ടണില്‍ നിന്ന് ലിവര്‍പൂളിലെത്തിയതിന് ശേഷം ചെമ്പടയുടെ മുന്നേറ്റനിരയിലെ പ്രധാനിയാകാനും മാനെക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണിലെ ലിവര്‍പൂളിന്റെ രണ്ട് കിരീട നേട്ടത്തില്‍ ടീമിനെ സഹായിക്കാനും മാനെക്ക് കഴിഞ്ഞു.