Football in Malayalam

ബയേൺ മ്യൂണിക്ക് v ബാഴ്‌സലോണ: പ്രിവ്യു, സാധ്യത ഇലവൻ & മത്സരസംപ്രേക്ഷണ വിവരങ്ങൾ

Ali Shibil Roshan
Barcelona are yet to seal their place in the Champions League round-of-16
Barcelona are yet to seal their place in the Champions League round-of-16 / Eric Alonso/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകുമ്പോൾ ഫുട്ബോൾ ലോകം ഒരുപക്ഷെ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്നത് സ്പാനിഷ് വമ്പന്മാരായ എഫ്‌സി ബാഴ്‌സലോണ റൗണ്ട്-ഓഫ്‌-16ന് യോഗ്യത നേടുമോ എന്നറിയാനാണ്.

ഗ്രൂപ്പ് ഇയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുകളുമായി ബാഴ്‌സലോണ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും, അടുത്ത റൗണ്ടിലെ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ കാറ്റലൻ വമ്പൻമാർക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. 15 പോയിന്റുകളോടെ ഗ്രൂപ്പ് ജേതാക്കൾ സ്ഥാനം ബയേൺ ഉറപ്പിച്ച ഗ്രൂപ്പ് ഇയിൽ, അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 5 പോയിന്റുകൾ കരസ്ഥമാക്കിയ ബെൻഫിക്കക്കും അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള സാധ്യതകൾ അവശേഷിക്കുന്നുണ്ട്.

ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിന് ഇറങ്ങുമ്പോൾ ബാഴ്‌സയുടെ ലക്ഷ്യം വ്യക്തമാണ്: ഭാഗ്യത്തിന്റെ കടാക്ഷത്തിന് കാത്ത് നിൽക്കാതെ, വിജയത്തോടെ അടുത്ത റൗണ്ടിലേക്ക് ഒരു മുന്നേറ്റം. പക്ഷെ, അടുത്ത മത്സരത്തിലെ തങ്ങളുടെ എതിരാളികൾ യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നെന്ന് വിശേഷിപ്പിക്കാവുന്ന ബയേൺ മ്യൂണിക്ക് ആണെന്നത് ബാഴ്‌സക്ക് കാര്യങ്ങൾ കൂടുതൽ കഠിനമാക്കുന്നു.

ബയേൺ മ്യൂണിക്കിനെ തോൽപ്പിക്കുക എന്നത് അപ്രാപ്യമായ കാര്യമല്ലെങ്കിൽ, നിലവിലെ ഫോമിൽ ബാഴ്‌സലോണക്ക് അതിന് കഴിയുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്. ലാ ലീഗയിലെ തങ്ങളുടെ കഴിഞ്ഞ മത്സരത്തിൽ റയൽ ബെറ്റിസിനോട് എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സ പരാജയപ്പെട്ടു എന്നതും ആരാധകരുടെ ആശങ്കയേറ്റുന്നു. അതേ സമയം, ഡെർ ക്ലാസിക്കറിൽ ബൊറൂസിയ ഡോർട്മുണ്ടിനെ വീഴ്ത്തിയാണ് ബയേൺ മത്സരത്തിനെത്തുന്നത്.

അതേ സമയം, ബയേണിന് എതിരെ പരാജയപ്പെട്ടാലും ബാഴ്‌സലോണക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള സാധ്യതകളുണ്ട്. അതിന് പക്ഷെ, ഡൈനാമോ കീവിന് എതിരെയുള്ള മത്സരത്തിൽ വിജയം നേടാൻ ബെൻഫിക്കക്ക് കഴിയാതിരിക്കണം.

ബയേണിന് എതിരെ ബാഴ്‌സലോണ സമനില നേടുകയും, ഡൈനാമോ കീവിന് എതിരെ ബെൻഫിക്ക വിജയം കരസ്ഥമാക്കുകയും ചെയ്‌താൽ, ഇരു ടീമുകൾക്കും 8 പോയിന്റ് വീതമാവും. ഇത്തരം ഒരു സാഹചര്യത്തിൽ നേർക്കുനേർ പോരാടിയപ്പോൾ ഉള്ള മുൻതൂക്കത്തിന്റെ ബലത്തിൽ അടുത്ത റൗണ്ടിലേക്ക് മുന്നേറുക ബെൻഫിക്കയാവും. അതിനാൽ തന്നെ, ബയേണിനെതിരെയുള്ള വിജയമോ, വിജയം നേടുന്നതിൽ ബെൻഫിക്ക പരാജയപ്പെടുകയോ ചെയ്താൽ മാത്രമേ ബാഴ്‌സക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ സാധിക്കുകയുള്ളൂ.

സാധ്യത ഇലവൻ

ബയേൺ മ്യൂണിക്ക്: മാനുവൽ ന്യൂയർ; ബെഞ്ചമിൻ പവാർഡ്, ടാൻഗുയ് നിയാൻസൗ, നിക്‌ളാസ് സുലെ, ഒമർ റിച്ചാർഡ്‌സ്; ജമാൽ മുസിയാല, കോറന്റിന് ടോലിസോ, തോമസ് മുള്ളർ; സെർജി ഗ്നാബ്രി, എറിക് മാക്സിം ചൗപ-മോട്ടിങ്, ലെറോയ് സാനെ

ബാഴ്‌സലോണ: മാർക് ആന്ദ്രേ ടെർ-സ്റ്റീഗൻ; സെർജിനോ ഡസ്റ്റ്, റൊണാൾഡ്‌ അറൗഹോ, ജെറാർഡ് പിക്വെ, ജോർഡി ആൽബ; നിക്കോ ഗോൺസാലസ്, സെർജിയോ ബുസ്ക്വെറ്റ്‌സ്, ഫ്രങ്കി ഡി ജോംഗ്; അബ്ദെസ്സമദ്‌ എസാൽസൗലി, മെംഫിസ് ഡീപേ, ഔസ്മാൻ ഡെംബലെ

സംപ്രേക്ഷണ വിവരങ്ങൾ

ബയേൺ മ്യൂണിക്ക്-ബാഴ്‌സലോണ മത്സരം ഇന്ത്യയിൽ സോണി 2 എസ്‌ഡി, എച്ച്ഡി ചാനലുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ജിയോടിവിയിലൂടെയും, സോണി ലൈവിലൂടെയും മത്സരം തത്സമയം കാണാം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit