അഭ്യൂഹങ്ങളിൽ യാഥാർത്ഥ്യമില്ല, ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്കിനു താൽപര്യമില്ല

Bayern Have No Interest To Sign Cristiano Ronaldo
Bayern Have No Interest To Sign Cristiano Ronaldo / Matthew Ashton - AMA/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനു താൽപര്യമില്ലെന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം സ്‌പാനിഷ്‌ മാധ്യമമായ എഎസ് റോബർട്ട് ലെവൻഡോസ്‌കി ക്ലബ് വിടുമ്പോൾ പകരക്കാരനായി ബയേൺ മ്യൂണിക്ക് റൊണാൾഡോയെ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്‌തിരുന്നെങ്കിലും അതിൽ യാഥാർഥ്യമില്ലെന്നാണ് ജർമൻ മാധ്യമം ബിൽഡ് പുറത്തു വിടുന്നത്.

മറ്റു പ്രീമിയർ ലീഗ് ക്ലബുകളെല്ലാം അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി പുതിയ താരങ്ങളെ സ്വന്തമാക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നിഷ്ക്രിയരായി തുടരുന്നതിൽ റൊണാൾഡോക്ക് നിരാശയുണ്ടെന്നും അടുത്ത സീസണിൽ കിരീടങ്ങൾ നേടാനുള്ള സാധ്യത കുറയുമെന്നതിനാൽ താരം ക്ലബിൽ നിന്നും പുറത്തേക്കുള്ള വഴി നോക്കുകയായെന്നും പോർച്ചുഗീസ് മാധ്യമം റെക്കോർഡിന്റെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് ബയേൺ മ്യൂണിക്ക് വിട്ട് ബാഴ്‌സയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന ലെവൻഡോസ്‌കിക്ക് പകരക്കാരനായി റൊണാൾഡോയെ ജർമൻ ക്ലബ് പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. ലെവൻഡോസ്‌കിയെ പോലൊരു ഗോളാടിയന്ത്രത്തെ ക്ലബ് വിടാൻ അനുവദിക്കാൻ അതിനു ചേരുന്ന പകരക്കാരൻ തന്നെ വേണമെന്നതിനാലാണ് ബയേൺ താരത്തെ നോട്ടമിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ലെവൻഡോസ്‌കി തങ്ങൾക്കൊപ്പം തന്നെ തുടരുമെന്നാണ് ബയേൺ പ്രതീക്ഷിക്കുന്നതെന്നും അതിനു വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാലും റൊണാൾഡോയെ സ്വന്തമാക്കാൻ ജർമൻ ക്ലബിന് പദ്ധതിയില്ലെന്നും ബിൽഡിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലെവൻഡോസ്‌കി ക്ലബ് വിടുന്നതു മുന്നിൽ കണ്ട ലിവർപൂൾ മുന്നേറ്റനിര താരം സാഡിയോ മാനെയെ സ്വന്തമാക്കിയ ബയേൺ മറ്റു താരങ്ങൾക്കു വേണ്ടിയുള്ള ട്രാൻസ്‌ഫർ ചർച്ചകൾ നടത്തുകയാണ്.

അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമ്മർ ട്രാൻസ്ഫർ ജാലകം അടയ്ക്കുന്നതിന് മുൻപ് കൂടുതൽ താരങ്ങളെ ടീമിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണുള്ളത്. ബാഴ്‌സലോണ മധ്യനിര താരം ഫ്രങ്കീ ഡി ജോംഗ് അയാക്‌സ് താരം ആന്റണി തുടങ്ങിയ താരങ്ങളെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിട്ടിരിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.