ലെവൻഡോസ്‌കിയുടെ സാന്നിധ്യം ബയേൺ മ്യൂണിക്ക് ഡ്രസിങ് റൂമിൽ പിരിമുറുക്കങ്ങൾ സൃഷ്‌ടിക്കുന്നു
By Sreejith N

ബയേൺ മ്യൂണിക്ക് ടീമിനൊപ്പം പരിശീലനത്തിനായി റോബർട്ട് ലെവൻഡോസ്‌കി തിരിച്ചെത്തിയത് ടീമിനുള്ളിൽ പിരിമുറുക്കം സൃഷ്‌ടിക്കുന്നുണ്ടെന്നു റിപ്പോർട്ടുകൾ. ജർമൻ മാധ്യമമായ ദി ബിൽഡിന്റെ റിപ്പോർട്ടുകൾ പ്രകാരം ബയേൺ മ്യൂണിക്ക് ടീമിലെ താരങ്ങൾ, പരിശീലകൻ നാഗെൽസ്‌മാൻ, മറ്റു കോച്ചിങ് സ്റ്റാഫുകൾ എന്നിവരെല്ലാം താരത്തെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ധാരണയില്ലാതെ നിൽക്കുകയാണ്.
ബയേൺ മ്യൂണിക്കുമായി ഒരു വർഷം മാത്രം കരാർ ബാക്കി നിൽക്കുന്ന ലെവൻഡോസ്‌കി ക്ലബ് വിടാനുള്ള തന്റെ താൽപര്യം നേരത്തെ അറിയിച്ചതാണ്. ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് താരം താൽപര്യപ്പെടുന്നതെങ്കിലും ബയേൺ മ്യൂണിക്ക് അതിനോട് അനുകൂലമായ നിലപാട് സ്വീകരിക്കാത്തതിനാൽ ട്രാൻസ്‌ഫർ നീക്കങ്ങൾ പ്രതിസന്ധിയിൽ തുടരുകയാണ്. ഇതിനിടയിലാണ് താരം ബയേണിലേക്ക് തിരിച്ചെത്തിയത്.
നിരവധി വർഷങ്ങളായി തങ്ങളുടെ കൂടെയുള്ള റോബർട്ട് ലെവൻഡോസ്‌കിയുമായി പലർക്കും അടുത്ത സൗഹൃദം ഉണ്ടെങ്കിലും താരം ഇനി ബാഴ്‌സലോണക്കു വേണ്ടിയാണ് കളിക്കുക എന്ന ധാരണയോടെയാണ് മറ്റുള്ളവർ ഇടപെടുന്നത്. ഇത് ഡ്രസിങ് റൂമിൽ അസ്വസ്ഥതകൾ സൃഷ്‌ടിക്കുന്നുണ്ട്. സമ്മറിൽ ബയേൺ മ്യൂണിക്ക് വിടുമെന്നുറപ്പിച്ചുള്ള ലെവൻഡോസ്‌കിയുടെ സമീപനം പല ആരാധകരെയും അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം ലെവൻഡോസ്‌കി ബയേണിലേക്ക് തിരിച്ചു വന്നത് താരവുമായി ബന്ധപ്പെട്ടുള്ള നിരവധി അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ചിട്ടുണ്ട്. ബാഴ്‌സലോണയിലേക്കുള്ള ട്രാൻസ്‌ഫറിനു വേണ്ടി സമ്മർദ്ദം ചെലുത്താൻ ലെവൻഡോസ്‌കി ബയേണിനൊപ്പം പരിശീലനം ഒഴിവാക്കുമെന്നും അവധിദിവസങ്ങൾ കഴിഞ്ഞ് ടീമിനൊപ്പം ചേരില്ലെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.