Transfers

"റൊണാൾഡോ മികച്ച നിലവാരമുള്ള താരം"- അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ബയേൺ മ്യൂണിക്ക് ഡയറക്റ്റർ

Sreejith N
Bayern Munich Director Reacts To Ronaldo Rumours
Bayern Munich Director Reacts To Ronaldo Rumours / Soccrates Images/GettyImages
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ക്ലബിന്റെ ഡയറക്റ്ററായ ഹസൻ സാലിഹാമിസിച്ച്. റൊണാൾഡോ ഉയർന്ന നിലവാരമുള്ളതാരമാണെങ്കിലും ബയേൺ മ്യൂണിക്കിന്റെ അടുത്ത സീസണിലെ പദ്ധതികളിൽ അദ്ദേഹത്തെ പരിഗണിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി.

കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ റൊണാൾഡോ വ്യക്തിപരമായി മികച്ച പ്രകടനമാണ് ക്ലബിനു വേണ്ടി നടത്തിയതെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിനു ടോപ് ഫോർ പോലും ഉറപ്പിക്കാൻ കഴിഞ്ഞില്ല. ഇംഗ്ലീഷ് ടോപ് ഡിവിഷൻ പ്രീമിയർ ലീഗ് ആയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും കുറവ് പോയിന്റ് നേടുന്നതും ഇക്കഴിഞ്ഞ സീസണിലായിരുന്നു.

കഴിഞ്ഞ സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനു പുറമെ സമ്മർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വേണ്ടത്ര ട്രാൻസ്‌ഫർ നീക്കങ്ങൾ നടത്താത്തതിൽ റൊണാൾഡോക്ക് വളരെയധികം നിരാശയുണ്ട്. ഇത് അടുത്ത സീസണിൽ കിരീടത്തിനായുള്ള സാധ്യതകൾ ഇല്ലാതാക്കുമെന്നതിനാൽ ക്ലബ് വിടാൻ ആഗ്രഹമുള്ള താരം ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയേക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ.

"അസാധാരണ കഴിവുകളുള്ള, ഉയർന്ന നിലവാരത്തിലുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്തായാലും ബയേണുമായി ഒരു ഡീൽ നടക്കാൻ സാധ്യതയുണ്ടെന്ന വാർത്തകൾ തെറ്റാണ്. ഇത്തരം അഭ്യൂഹങ്ങളിൽ യാതൊരു ശരിയുമില്ല." സ്കൈ ജർമനിയോട് സംസാരിക്കുമ്പോൾ ബയേൺ ഡയറക്റ്റർ പറഞ്ഞു.

റോബർട്ട് ലെവൻഡോസ്‌കി ക്ലബ് വിടാനുള്ള സാധ്യത കണക്കാക്കി ക്ലബ് റൊണാൾഡോയെ പകരക്കാരനായി എത്തിക്കുമെന്നാണ് വാർത്തകൾ ഉണ്ടായിരുന്നതെങ്കിലും അതവർ നിഷേധിച്ചതോടെ പോർച്ചുഗൽ നായകൻ ജർമനിയിൽ എത്താനുള്ള സാധ്യത ഇല്ലാതായി. അതേസമയം ലിവർപൂൾ താരം സാഡിയോ മാനെയുടെ ട്രാൻസ്‌ഫർ ബയേൺ നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit