ലെവൻഡോസ്‌കിയുമായി ബാഴ്‌സലോണ ട്രാൻസ്‌ഫർ ധാരണയിലെത്തിയെങ്കിലും ബയേൺ ആവശ്യപ്പെടുന്നത് പ്രതീക്ഷിച്ചതിലും കൂടിയ തുക
By Sreejith N

ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കിയും ബാഴ്‌സലോണയും തമ്മിൽ ട്രാൻസ്‌ഫർ സംബന്ധിച്ച് ധാരണയിൽ എത്തിയെന്നും എന്നാൽ ബയേൺ മ്യൂണിക്ക് ആവശ്യപ്പെടുന്ന തുക കൂടുതലായതു കാരണം ട്രാൻസ്‌ഫർ നീക്കങ്ങൾ പ്രതിസന്ധിയിൽ തുടരുകയാണെന്നും സ്‌പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ടു ചെയ്യുന്നു.
ഈ സീസൺ അവസാനിച്ചതോടെ ബയേൺ മ്യൂണിക്ക് വിടാനുള്ള തന്റെ താൽപര്യം ലെവൻഡോസ്‌കി വ്യക്തമാക്കിയിരുന്നു. കരാർ പുതുക്കാൻ ബയേൺ മുന്നോട്ടു വെച്ച നിബന്ധനകൾ താരത്തിന് അംഗീകരിക്കാൻ കഴിയാത്തതിനെ തുടർന്നാണ് മുപ്പത്തിമൂന്നു വയസുള്ള താരം ക്ലബ് വിടാനൊരുങ്ങുന്നത്.
താരത്തിനായി ഇപ്പോൾ രംഗത്തുള്ളത് ബാഴ്‌സലോണയാണ്. ഏജന്റായ പിനി സഹാവിയും ബാഴ്‌സലോണ പ്രസിഡന്റായ യോൻ ലപോർട്ടയും തമ്മിൽ ചർച്ചകൾ നടത്തി വ്യക്തിഗത ധാരണയിൽ എത്തിയെങ്കിലും ബയേണിന്റെ നിലപാട് ബാഴ്‌സലോണക്ക് കനത്ത തിരിച്ചടിയാണ്.
നിലവിൽ അമ്പതു മില്യൺ യൂറോയാണ് ലെവൻഡോസ്‌കിക്കായി ബയേൺ മ്യൂണിക്ക് ആവശ്യപ്പെടുന്നത്. എന്നാൽ ബാഴ്‌സലോണ താരത്തിനായി നൽകാൻ ഉദ്ദേശിക്കുന്ന പരമാവധി തുക നാൽപതു മില്യൺ യൂറോയാണ്. അമ്പതു മില്യൺ യൂറോയിൽ കുറഞ്ഞ തുകയാണ് ബാഴ്‌സയുടെ ഓഫറെങ്കിൽ ബയേൺ ചർച്ചക്കു പോലും മുതിരില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബയേണുമായി കരാർ പുതുക്കിയില്ലെങ്കിലും താരത്തെ ഒരു സീസൺ കൂടി ക്ലബിനൊപ്പം നിലനിർത്താൻ തയ്യാറാണെന്നാണ് ബയേൺ മ്യൂണിക്കിന്റെ നിലപാട്. റോബർട്ട് ലെവൻഡോസ്‌കിക്ക് പകരക്കാരനാവാൻ കഴിയുന്ന ഒരു മികച്ച സ്‌ട്രൈക്കർ നിലവിൽ മാർക്കറ്റിലില്ലെന്നതും ബയേൺ താരത്തെ ഒരു വർഷം കൂടി ക്ലബിനൊപ്പം നിലനിർത്താൻ പരിഗണിക്കുന്നതിനു കാരണമായി.
ട്രാൻസ്‌ഫർ ജാലകം അവസാനിച്ചാൽ മറ്റു ക്ലബുകൾ പോളിഷ് സ്‌ട്രൈക്കർക്കായി രംഗത്തു വരാൻ സാധ്യതയുണ്ട്. അങ്ങിനെ സംഭവിച്ചാൽ ബാഴ്‌സലോണക്ക് ലെവൻഡോസ്‌കിയെ സ്വന്തമാക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടായേക്കാം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.