ലെവൻഡോസ്കിയുടെ കാര്യത്തിൽ ബയേണിന്റെ നിലപാടിൽ അയവ്, ബാഴ്സക്കു പ്രതീക്ഷ


പോളിഷ് സ്ട്രൈക്കറായ റോബർട്ട് ലെവൻഡോസ്കിയുമായി ബന്ധപ്പെട്ട ബയേൺ മ്യൂണിക്കിന്റെ നിലപാടിൽ അയവു വരുന്നതായി റിപ്പോർട്ടുകൾ. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന ലെവൻഡോസ്കിക്ക് ക്ലബ് വിടാനുള്ള താൽപര്യമുണ്ടെങ്കിലും താരം ബയേണിൽ തന്നെ തുടരുമെന്ന നിലപാടായിരുന്നു നേതൃത്വത്തിന്റേത്. എന്നാൽ ഇപ്പോൾ അതിൽ അയവു വന്നിട്ടുണ്ടെന്ന് ദി ബിൽഡ് റിപ്പോർട്ടു ചെയ്യുന്നു.
കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ടു ധാരണയിൽ എത്താൻ കഴിയാത്തതാണ് ലെവൻഡോസ്കിയെ ബയേൺ മ്യൂണിക്ക് വിടാൻ പ്രേരിപ്പിക്കുന്നത്. താരം രണ്ടു വർഷത്തെ കരാർ വേണമെന്നും പ്രതിഫലത്തിൽ വർദ്ധനവ് വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുപ്പതു കഴിഞ്ഞ താരങ്ങൾക്ക് ഒരു വർഷത്തേക്കു മാത്രം കരാർ നീട്ടി നൽകുന്ന പതിവുള്ള ബയേൺ മ്യൂണിക്ക് ഇതിനെ അംഗീകരിച്ചിരുന്നില്ല.
ഇപ്പോൾ കരാർ പുതുക്കിയില്ലെങ്കിലും ഈ സീസണു ശേഷം ക്ലബ് വിടാൻ അനുവദിക്കാമെന്ന നിലയിലേക്ക് ബയേൺ മാറിച്ചിന്തിച്ചു തുടങ്ങിയെന്നാണ് ബിൽഡിന്റെ റിപ്പോർട്ടുകൾ പറയുന്നത്. മുപ്പത്തിയഞ്ചു മുതൽ നാൽപതു മില്യൺ യൂറോ ലഭിച്ചാൽ താരത്തെ വിട്ടുകൊടുക്കാൻ ബയേൺ മ്യൂണിക്ക് സന്നദ്ധരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ക്ലബിൽ നിർബന്ധിച്ച് നിലനിർത്തിയാൽ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം ലഭിക്കാൻ സാധ്യതയില്ലെന്നാണ് ബയേൺ മ്യൂണിക്ക് കരുതുന്നത്. അതിനു പുറമെ പുതിയ താരങ്ങളെ വളർത്താനും ഇത് സഹായിക്കും. ജൂലിയൻ നെഗൽസ്മാൻ പരിഗണിക്കുന്നതു പോലെ ഒരു ഡീപ്പർ 9 പൊസിഷനിൽ കളിക്കുന്ന താരത്തെയും ബയേണിന് ലെവൻഡോസ്കി ക്ലബ് വിട്ടാൽ ഉപയോഗിച്ചു നോക്കാനാവും.
ലെവൻഡോസ്കിയെ വിട്ടുകൊടുക്കാൻ ബയേൺ തയ്യാറാണെന്ന വാർത്ത ബാഴ്സലോണയെ സംബന്ധിച്ച് വളരെയധികം പ്രതീക്ഷ നൽകുന്നതാണ്. അടുത്ത സീസണിൽ സ്ട്രൈക്കറായി ബാഴ്സ ലക്ഷ്യമിടുന്ന പ്രധാന താരം ലെവൻഡോസ്കിയാണ്. ബയേണും താരവും തമ്മിലുള്ള ചർച്ചകളിലെ തീരുമാനം അറിയാനാണ് ഇപ്പോഴവർ കാത്തിരിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.