ബയേൺ മ്യൂണിക്കിന്റെ കിരീടനേട്ടത്തിനു പിന്നാലെ ക്ലബിൽ തുടർന്നേക്കില്ലെന്ന സൂചന നൽകി ലെവൻഡോസ്‌കി

Lewandowski Says Bayern Munich Contact Situation Is Not Easy
Lewandowski Says Bayern Munich Contact Situation Is Not Easy / Matthias Hangst/GettyImages
facebooktwitterreddit

ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപ്പിച്ച് ബയേൺ മ്യൂണിക്ക് മറ്റൊരു ജർമൻ ലീഗ് കിരീടം നേടിയതിനു പിന്നാലെ ക്ലബ് വിടാനുള്ള സാധ്യതയുണ്ടെന്ന സൂചനകൾ നൽകി റോബർട്ട് ലെവൻഡോസ്‌കി. അടുത്ത സീസണോടെ ബയേൺ മ്യൂണിക്കുമായുള്ള കരാർ അവസാനിക്കുന്ന താരം അതു പുതുക്കാനുള്ള നിലയിലെ സാഹചര്യം അത്ര അനായാസമല്ലെന്നാണ് വ്യക്തമാക്കിയത്.

ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് വിജയം നേടി തുടർച്ചയായ പത്താമത്തെ ജർമൻ ലീഗ് കിരീടം നേടിയപ്പോൾ മത്സരത്തിൽ ലെവൻഡോസ്‌കിയും ഗോൾ നേടിയിരുന്നു. ഇതോടെ ബുണ്ടസ്‌ലീഗയിൽ മാത്രം താരം നേടിയ ഗോളുകളുടെ എണ്ണം മുപ്പത്തിമൂന്നായി. മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് തന്റെ കരാർ സാഹചര്യത്തെക്കുറിച്ച് ലെവൻഡോസ്‌കി സംസാരിച്ചത്.

"അടുത്തു തന്നെ ഒരു മീറ്റിങ് നടക്കുന്നുണ്ട്. എന്നാൽ പ്രത്യേകിച്ചൊന്നും ഇതുവരെയും സംഭവിച്ചിട്ടില്ല. എന്താണ് സംഭവിക്കുന്നതെന്ന് ഞാനും ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം എനിക്ക് എളുപ്പമല്ല." സ്കൈ സ്പോർട്സിനോട് ലെവൻഡോസ്‌കി പറഞ്ഞു. അതിനൊപ്പം ബയേണിൽ തന്നെ തുടരാനുള്ള ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകാൻ താരം വിസമ്മതിക്കുകയും ചെയ്‌തു.

അതേസമയം ലെവൻഡോസ്‌കി വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമാണ്. കഴിഞ്ഞ ദിവസം ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപോർട്ട പോളണ്ട് താരം ക്ലബിലെത്താനുള്ള സാധ്യത വളരെയധികമാണെന്നാണ് ഒരു ആരാധകന്റെ ചോദ്യത്തോട് പ്രതികരിച്ചത്. ലെവൻഡോസ്‌കിയുടെ വാക്കുകളും അതിനെ സാധൂകരിക്കുന്നതാണ്.

എന്നാൽ ലെവൻഡോസ്‌കി ക്ലബിനൊപ്പം തന്നെ തുടരുമെന്നാണ് ബയേൺ മ്യൂണിക്ക് സിഇഒയായ ഒലിവർ ഖാൻ പറയുന്നത്. താരവുമായി ക്ലബിന് കരാർ നിലനിൽക്കുന്നുണ്ടെന്നും പറ്റാവുന്നത്രയും കാലം ലെവൻഡോസ്‌കി ക്ലബിനൊപ്പം തുടരണമെന്ന ആഗ്രഹമാണ് തനിക്കും ബയേൺ മ്യൂണിക്കിനും ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.