മെസിയില്ലെങ്കിലും ബാഴ്‌സലോണ മോശം ടീമല്ല, ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുൻപ് മുന്നറിയിപ്പുമായി ബയേൺ കോച്ച്

Sreejith N
FC Barcelona v Getafe CF - LaLiga Santander
FC Barcelona v Getafe CF - LaLiga Santander / Quality Sport Images/Getty Images
facebooktwitterreddit

ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയതോടെ ബാഴ്‌സലോണ ഒരു മോശം ടീമായി മാറിയെന്നു കരുതാൻ കഴിയില്ലെന്ന് ബയേൺ മ്യൂണിക്ക് പരിശീലകൻ ജൂലിയൻ നെഗൽസ്‌മാൻ. ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ഇന്നു തുടക്കം കുറിക്കാനിരിക്കെ ബാഴ്‌സയെ നേടിടാനൊരുങ്ങുന്ന ബയേൺ മ്യൂണിക്കിന്റെ പരിശീലകൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒന്നര ദശാബ്‌ദത്തോളം ബാഴ്‌സലോണയെ മുന്നോട്ടു കൊണ്ടു പോയിരുന്ന ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസി ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് പിഎസ്‌ജിയിൽ എത്തിയത്. മെസിയുടെ അഭാവത്തിൽ ദുർബലരായ ബാഴ്‌സലോണയെ ബയേൺ മ്യൂണിക്ക് എളുപ്പത്തിൽ തകർത്തെറിയുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നതെങ്കിലും അങ്ങിനെ കരുത്താനാവില്ലെന്നാണ് നെഗൽസ്‌മാൻ പറയുന്നത്.

"അവർക്കിപ്പോൾ മെസിയെപ്പോലെ പ്രതിഭാസമ്പന്നനായ ഒരു താരത്തെ ലഭിച്ചിട്ടില്ല, എന്നാൽ മാറ്റമുണ്ടാക്കാൻ കഴിയുന്ന മറ്റു താരങ്ങൾ ടീമിനൊപ്പമുണ്ട്. ഞങ്ങൾ എല്ലാം നേരിടാൻ തയ്യാറായി കഴിഞ്ഞു." ഹാൻസി ഫ്ലിക്ക് ജർമനിയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത ഒഴിവിൽ ആർബി ലീപ്‌സിഗിൽ നിന്നും ബയേൺ മ്യൂണിക്കിലേക്ക് എത്തിയ നെഗൽസ്‌മാൻ പറഞ്ഞു.

"അവർ വളരെ മോശം അവസ്ഥയിലാണെന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങൾക്കാണു കൂടുതൽ സാധ്യതയെന്നത് മാധ്യമങ്ങളുടെ വിഷയമാണ്. രണ്ടു ലോകോത്തര ക്ളബുകളാണ് കണ്ടുമുട്ടാൻ പോകുന്നത്. ഒരു തരത്തിൽ ഓരോ ദിവസത്തെയും ഫോമാണ് ഫലം നിശ്ചയിക്കുക, മറ്റൊരു തരത്തിൽ പ്രചോദനം ഉണ്ടായിരിക്കണം, അത് വളരെ ഉയർന്ന തലത്തിൽ തന്നെ ഞങ്ങൾക്കുണ്ട്." നെഗൽസ്‌മാൻ വ്യക്തമാക്കി.

ബയേൺ മ്യൂണിക്കുമായുള്ള കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരം ബാഴ്‌സലോണയ്ക്ക് കയ്പ്പേറിയ ഓർമ്മകൾ നൽകുന്നതാണ്. സെറ്റിയൻ പരിശീലകനായിരിക്കുന്ന സമയത്ത് രണ്ടിനെതിരെ എട്ടു ഗോളുകൾക്കാണ് ബയേൺ കാറ്റലൻ ക്ലബ്ബിനെ തകർത്തത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്നും 27 ഗോളുകൾ അടിച്ചു കൂട്ടിയ ബയേൺ മ്യൂണിക്കിനെതിരെ ഇറങ്ങുമ്പോൾ അന്നത്തെ ഓർമ്മകൾ ബാഴ്‌സയെ വേട്ടയാടും എന്നുറപ്പാണ്.

facebooktwitterreddit