Football in Malayalam

ലെവൻഡോസ്‌കിയെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്തുണ്ടെന്ന് ബയേൺ പരിശീലകൻ

Sreejith N
FBL-GER-BUNDESLIGA-BAYERN MUNICH-AUGSBURG
FBL-GER-BUNDESLIGA-BAYERN MUNICH-AUGSBURG / SVEN HOPPE/Getty Images
facebooktwitterreddit

റോബർട്ട് ലെവൻഡോസ്‌കിയെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾക്ക് താൽപര്യമുണ്ടെന്നും അതു സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെന്നും ബയേൺ മ്യൂണിക്ക് പരിശീലകൻ ജൂലിയൻ നെഗൽസ്‌മാൻ. കഴിഞ്ഞ കുറച്ചു സീസണുകളായി യൂറോപ്പിൽ തന്നെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന താരമായതു കൊണ്ടാണ് ലെവൻഡോസ്‌കിക്കു വേണ്ടി ക്ലബുകൾ ശ്രമം നടത്താൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

മുപ്പത്തിരണ്ടുകാരനായ ലെവൻഡോസ്‌കി കഴിഞ്ഞ സീസണിൽ നാല്പത്തിയെട്ടു ഗോളുകൾ ബയേൺ മ്യൂണിക്കിനായി അടിച്ചു കൂട്ടുകയും ജർമൻ ലീഗടക്കമുള്ള ക്ലബിന്റെ കിരീടനേട്ടങ്ങളിൽ സജീവമായി പങ്കു വഹിക്കുകയും ചെയ്‌തിരുന്നു. മെയ് മാസത്തിൽ മറ്റു ക്ലബുകളിലേക്ക് ചേക്കേറാനും പുതിയൊരു ഭാഷയും സംസ്‌കാരവും മനസിലാക്കാനുമുള്ള താൽപര്യം താരം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് താരത്തിനായി ടീമുകൾ രംഗത്തെത്തിയത്.

"ലെവൻഡോസ്‌കിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ കാലങ്ങളായി തുടരുന്നതാണ്. അദ്ദേഹം ബയേൺ മ്യൂണിക്കിൽ ചേർന്നതു മുതൽ അതുണ്ടെന്നാണ് ഞാൻ കരുതുന്നത്. നിരവധി ഗോളുകൾ നേടുന്ന ഒരു താരത്തിന്റെ ഭാവിയെക്കുറിച്ച് മനസിലാക്കാൻ മറ്റു ക്ലബുകൾ ശ്രമിക്കുന്നത് സാധാരണമായ കാര്യമാണ്."

"ഒരു വശത്ത് മ്യൂണിക്കിൽ എന്താണുള്ളതെന്നും ഈ ടീമിനൊപ്പം എന്തൊക്കെ ലഭിക്കുമെന്നതും റോബർട്ടിന് അറിയാമെന്നു ഞാൻ കരുതുന്നു. ഞാൻ താരത്തോട് സംസാരിക്കുകയും മെസേജ് അയക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഒരു താരത്തെക്കുറിച്ച് ഏറ്റവുമാദ്യം ഔദ്യോഗികമായി ചർച്ച ചെയ്യേണ്ടത് കോൺട്രാക്‌ട് സാഹചര്യങ്ങളെ കുറിച്ചാണെന്ന് ഞാൻ കരുതുന്നില്ല." സ്കൈ ജർമനിയോട് സംസാരിക്കുമ്പോൾ നെഗൽസ്‌മാൻ പറഞ്ഞു.

അതേസമയം റയൽ മാഡ്രിഡാണ് ലെവൻഡോസ്‌കിയെ സ്വന്തമാക്കാൻ സജീവമായി രംഗത്തുള്ളത്. ചെൽസിക്കും ഏതാനും ഇറ്റാലിയൻ ക്ലബുകൾക്കും താരത്തിൽ താത്പര്യമുണ്ടെങ്കിലും ഈ സീസണിൽ അല്ലെങ്കിൽ അടുത്ത സീസണിൽ താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളാണ് ശക്തമായി നിലനിൽക്കുന്നത്.

facebooktwitterreddit