Football in Malayalam

മെസിയെ സ്വന്തമാക്കാൻ കഴിയില്ല, എന്നാൽ ഹാലൻഡിൽ താൽപര്യമുണ്ടെന്ന് ബയേൺ മ്യൂണിക്ക് സ്പോർട്ടിങ് ഡയറക്റ്റർ

Sreejith N
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

ബാഴ്‌സലോണ വിട്ട ലയണൽ മെസിയെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്കിന്‌ കഴിയുമെന്നു കരുതുന്നില്ലെന്ന് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്ടറായ ഹസൻ സാലിഹാമിസിച്ച്. മെസിയെ സ്വന്തമാക്കാൻ ജർമൻ ക്ലബിനു മുന്നിലുള്ള സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോൾ താരത്തിനു നൽകുന്ന പ്രതിഫലം ബയേൺ മ്യൂണിക്കിന് ചിന്തിക്കാൻ പോലും കഴിയാത്തതാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ലാ ലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങൾ മൂലം പുതിയ കരാർ ഒപ്പിടാൻ കഴിയാത്തതു കൊണ്ടാണ് മെസിക്ക് ഇരുപത്തിയൊന്ന് വർഷത്തിനു ശേഷം ലീഗ് വിടേണ്ടി വന്നത്. ഫ്രീ ഏജന്റായ താരത്തെ സ്വന്തമാക്കാൻ ഏതു ക്ലബിനും കഴിയുമെന്നിരിക്കെ ബയേൺ മ്യൂണിക്ക് താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ടോയെന്ന സ്‌പോർട് വണിന്റെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു സാലിഹാമിസിച്ച്.

"ദൗർഭാഗ്യവശാൽ ലയണൽ മെസിയെ സ്വന്തമാക്കുക സാധ്യമല്ല. താരത്തിനു വേണ്ടിയുള്ള ചർച്ചകളിൽ പോലും ഞങ്ങളില്ല. മെസിയെ സ്വന്തമാക്കുകയെന്നത് ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്, ട്രാൻസ്‌ഫർ ഫീസ് ഇല്ലെങ്കിൽ പോലും."

അതേസമയം ജർമൻ ലീഗിൽ ബയേണിന്റെ എതിരാളികളായ ബൊറൂസിയ ഡോർട്മുണ്ടിൽ കളിക്കുന്ന ഏർലിങ് ബ്രൂട് ഹാലൻഡിനെ സ്വന്തമാക്കാൻ താൽപര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. "തീർച്ചയായും ഞങ്ങൾക്ക് താൽപര്യമുണ്ട്, വളരെ മികച്ച ഒരു യുവതാരമാണ് ഹാലാൻഡ്. അതുകൊണ്ടു തന്നെ എല്ലാവരും താരത്തിൽ ശ്രദ്ധ ചെലുത്തും. എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാം നമ്പർ കളിക്കാരനാണ് ഹാലാൻഡ്," സാലിഹാമിസിച്ച് വ്യക്തമാക്കി.

പുതിയ സീസണ് മുന്നോടിയായി ബയേൺ വലിയ സൈനിംഗുകൾ ഒന്നും ഇതുവരെയും നടത്തിയിട്ടില്ല. ഹാൻസി ഫ്ലിക്ക് ക്ലബ് വിട്ടതിനു പകരക്കാരനായി സ്ഥാനമേറ്റെടുത്ത ജൂലിയൻ നെഗൽസ്‌മാന്‌ കീഴിൽ പുതിയ സീസൺ ആരംഭിക്കാനിരിക്കുന്ന ബയേൺ ഓഗസ്റ്റ് അവസാനിക്കുന്നതിനു മുൻപ് ഏതാനും സൈനിംഗുകൾ നടത്തുമെന്നാണ് കരുതുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit