അർജന്റീന ടീമിൽ ലയണൽ മെസി കാണിക്കുന്ന നേതൃഗുണത്തെ പ്രശംസിച്ച് മുൻ ലോകകപ്പ് ജേതാവ്

Argentina v Peru - FIFA World Cup 2022 Qatar Qualifier
Argentina v Peru - FIFA World Cup 2022 Qatar Qualifier / Marcelo Endelli/GettyImages
facebooktwitterreddit

അർജന്റീന ടീമിന്റെ ലീഡറായി ലയണൽ മെസി വളർന്നു വന്നതിനെക്കുറിച്ചു വെളിപ്പെടുത്തുകയും താരത്തിന്റെ ഉയർച്ചയെ പ്രശംസിക്കുകയും ചെയ്‌ത്‌ ദേശീയ ടീമിനൊപ്പം ലോകകപ്പ് നേടിയ താരമായ സെർജിയോ ബാറ്റിസ്റ്റ. മൈതാനത്തു നടത്തുന്ന പ്രകടനത്തിന്റെ കാര്യത്തിൽ തന്റെ ഏറ്റവും മികച്ച തലത്തിലല്ല മെസിയുള്ളതെങ്കിലും താരത്തിന്റെ നേതൃഗുണം വളരെ മുന്നോട്ടു വന്നുവെന്നാണ് ബാറ്റിസ്റ്റ പറയുന്നത്.

"മത്സരത്തിന്റെ തലത്തിൽ നോക്കുമ്പോൾ ഇത് ഏറ്റവും മികച്ച മെസിയല്ല. എന്നാൽ വ്യക്തിത്വവും നേതൃഗുണവും നോക്കുമ്പോൾ ഇതു മികച്ച മെസിയാണ്. ബോക്‌സിനരികിൽ, വേഗതയേറിയ, ഇതിനേക്കാൾ മേധാവിത്വം പുലർത്തുന്ന മെസിയെ ഞാൻ കണ്ടിരുന്നു. ഇന്നു ഞങ്ങൾ എല്ലാരും ആവശ്യപ്പെട്ടതും ഈ കളിക്കാരിൽ നിന്നും ആവശ്യമുള്ളതും അവൻ നൽകുന്നു."

"മുൻപും ഞങ്ങൾ അദ്ദേഹത്തോട് നേതൃഗുണം കാഴ്‌ച വെക്കാൻ ആവശ്യപ്പെട്ടിരുന്നു, എന്നാൽ ആ സമയത്ത് അതിന്റെ ചുമതലയുള്ള മറ്റു താരങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ താരാമത് ചെയ്യുന്നുണ്ട്, അത് ഏറ്റവും മികച്ച രീതിയിൽ തന്നെ ചെയ്യുന്നുണ്ട്." അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്ടിനോട് ബാറ്റിസ്റ്റ പറഞ്ഞു.

രണ്ടു കോപ്പ അമേരിക്കയും ഒരു ലോകകപ്പുമടക്കമുള്ള പ്രധാന ടൂർണമെന്റുകളിൽ അർജന്റീനയെ ഫൈനലിലേക്ക് നയിച്ചെങ്കിലും കിരീടം നേടാൻ കഴിയാത്തതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ മെസി നേരിടേണ്ടി വന്നെങ്കിലും ഇക്കഴിഞ്ഞ സമ്മറിൽ നടന്ന കോപ്പ അമേരിക്കയിൽ അതിനെല്ലാം മറുപടി നൽകി ടൂർണമെന്റിന്റെ താരമായി കിരീടം സ്വന്തമാക്കാൻ മെസിക്ക് കഴിഞ്ഞിരുന്നു.

ലയണൽ മെസിയുടെ നേതൃത്വത്തിനു കീഴിൽ മികച്ച പ്രകടനം നടത്തുന്ന അർജന്റീന ഇപ്പോൾ ഇരുപത്തിയേഴു മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കിയിട്ടുണ്ട്. ടീമിന്റെ ഇപ്പോഴത്തെ ഫോം കൊണ്ടു തന്നെ ഖത്തർ ലോകകപ്പിൽ അർജന്റീന ആരാധകർക്ക് വലിയ പ്രതീക്ഷയിലുമാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.