കൂമാന് പകരക്കാരനായി ബാഴ്സലോണ പരിഗണിക്കുന്ന പരിശീലകരുടെ ചുരുക്കപ്പട്ടികയിൽ യർഗൻ ക്ലോപ്പ് അടക്കമുള്ള 5 പേർ

By Gokul Manthara
Everton v Liverpool - Premier League
Everton v Liverpool - Premier League / Michael Regan/Getty Images
facebooktwitterreddit

ബാഴ്സലോണയുടെ സമീപകാല പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ റൊണാൾഡ് കൂമാൻ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെടുമെന്ന കാര്യം ഏറെക്കുടെ ഉറപ്പായിക്കഴിഞ്ഞു. അത്ലറ്റിക്കോ മാഡ്രിഡിനെതിരെ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ലാലീഗ മത്സരത്തിന് ശേഷം ഇതുണ്ടാകുമെന്നാണ് സൂചനകൾ. അതിനിടെ കൂമാന് പകരം ക്ലബ്ബിന്റെ പുതിയ പരിശീലകനായി പരിഗണിക്കുന്ന അഞ്ച് പരിശീലകരുടെ ചുരുക്കപ്പട്ടിക ബാഴ്സലോണ തയ്യാറാക്കിയെന്നും ഇതിലൊരാൾ ക്ലബ്ബിന്റെ പുതിയ പരിശീലകനായി നിയമിതനായേക്കുമെന്നും റിപ്പോർട്ടുകൾ വന്നിരിക്കുന്നു.

നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന്റെ പരിശീലകനായ യർഗൻ ക്ലോപ്പ്, ഡച്ച് ക്ലബ്ബായ അയാക്സിനെ പരിശീലിപ്പിക്കുന്ന എറിക്ക് ടെൻ ഹാഗ്, ബെൽജിയം ദേശീയ ടീം പരിശീലകൻ റോബർട്ടോ മാർട്ടിനസ്, ക്ലബ്ബിന്റെ മുൻ താരമായിരുന്ന സാവി ഹെർണാണ്ടസ്, മുൻ യുവന്റസ് പരിശീലകൻ ആന്ദ്രെ പിർലോ എന്നിവർ ബാഴ്സലോണ തങ്ങളുടെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടികയിൽ ഉണ്ടെന്നാണ് സ്പാനിഷ് മാധ്യമമായ നാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ 2024 വരെ ലിവർപൂളുമായി കരാറുള്ള ക്ലോപ്പിനെ കൂമാന് പകരക്കാരനായെത്തിക്കുന്നത് ബാഴ്സലോണയെ സംബന്ധിച്ച് ദുഷ്കരമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ക്ലോപ്പ് ലിവർപൂൾ വിടാൻ ആഗ്രഹിക്കുന്നുണ്ടാവില്ലെന്നതും, അഥവാ ഇംഗ്ലീഷ് ക്ലബ്ബ് വിടാൻ അദ്ദേഹം തയ്യാറായാൽ ബൈ ഔട്ട് ക്ലോസ് പ്രകാരം ബാഴ്സലോണക്ക് ഭീമമായ തുക ലിവർപൂളിന് നൽകേണ്ടി വരും എന്നതുമാണ് ഇതിന് കാരണം.

അതേ സമയം റൊണാൾഡ് കൂമാനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള നീക്കത്തിലാണ് ബാഴ്സലോണയെങ്കിലും അത് കരുതുന്നത് പോലെ അത്രയെളുപ്പമുള്ള കാര്യമായിരിക്കില്ല. രണ്ട് വർഷത്തെ കരാർ പൂർത്തിയാക്കാൻ ബാഴ്സലോണ അനുവദിച്ചില്ലെങ്കിൽ 6 മില്ല്യൺ യൂറോ ക്ലബ്ബ് നൽകണമെന്ന ക്ലോസ് ബാഴ്സലോണയും, കൂമാനും തമ്മിൽ ഒപ്പുവെച്ചിരിക്കുന്ന കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കറ്റലൂണ്യൻ ചാനലായ ഇസ്പോർട്3 റിപ്പോർട്ട് ചെയ്യുന്നു.

2020 ൽ ബാഴ്സലോണയുമായി കരാർ ഒപ്പിട്ട കൂമാനെ 2 വർഷം പൂർത്തിയാകുന്നതിന് മുന്നേ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയാണെങ്കിൽ നിയമപ്രകാരം, കരാർ പ്രകാരമുള്ള മുഴുവൻ ശമ്പളവും ക്ലബ്ബ് അദ്ദേഹത്തിന് നൽകേണ്ടിയും വരും. കൂമാനെ 2021-22 സീസണിനിടെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റുന്നത് കറ്റാലൻ ക്ലബ്ബിന് സാമ്പത്തികപരമായി കനത്ത ആഘാതം നൽകുമെന്നത് ഇതിലൂടെ വ്യക്തമാണ്.

facebooktwitterreddit