റഫിന്യ ഗോളിൽ റയൽ മാഡ്രിഡ് വീണു, എൽ ക്ലാസികോ വിജയം നേടി ബാഴ്‌സലോണ

Barcelona Won Against Real Madrid In Preseason Friendly
Barcelona Won Against Real Madrid In Preseason Friendly / Omar Vega/GettyImages
facebooktwitterreddit

അമേരിക്കയിലെ ലാസ് വെഗാസിൽ വെച്ചു നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിനെ കീഴടക്കി ബാഴ്‌സലോണ. ക്ലബിന്റെ പുതിയ സൈനിങായ ബ്രസീലിയൻ താരം റഫിന്യ ആദ്യപകുതിയിൽ നേടിയ ഒരേയൊരു ഗോളിലാണ് ബാഴ്‌സലോണ റയൽ മാഡ്രിഡിനെതിരെ വിജയം നേടിയത്.

സൗഹൃദമത്സരം ആയിരുന്നിട്ടു കൂടി ചൂടു പിടിച്ച പോരാട്ടമാണ് രണ്ടു ടീമുകളും തമ്മിൽ നടന്നത്. മത്സരത്തിന്റെ തുടക്കത്തിൽ റയൽ മാഡ്രിഡ് പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോൾ ബാഴ്‌സ ആധിപത്യം സ്ഥാപിച്ചെങ്കിലും ആദ്യമായി മികച്ച അവസരം തുറന്നെടുത്തത് റയൽ മാഡ്രിഡ് ആയിരുന്നു. എന്നാൽ ഇരുപത്തിയേഴാം മിനുട്ടിൽ റഫിന്യ ബാഴ്‌സയെ മുന്നിലെത്തിച്ചു.

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ പ്രതിരോധതാരം എഡർ മിലിട്ടാവോ നൽകിയ മിസ് പാസ് പിടിച്ചെടുത്ത താരം ഒരു മനോഹരമായ സ്‌ട്രൈക്കിലൂടെയാണ് മത്സരത്തിലെ ഒരേയൊരു ഗോൾ കണ്ടെത്തിയത്. ബാഴ്‌സ മുന്നിലെത്തിയതോടെ റയൽ മാഡ്രിഡ് മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമം നടത്തിയത് മത്സരത്തെ കൂടുതൽ ആവേശകരമാക്കി.

സൗഹൃദമത്സരമായിരുന്നിട്ടും താരങ്ങൾ തമ്മിലുള്ള കയ്യാങ്കളിക്കും വാക്കേറ്റത്തിനും കുറവില്ലായിരുന്നു. ആദ്യപകുതിക്കു മുൻപ് റോഡ്രിഗോയും ബുസ്‌ക്വറ്റ്‌സും തമ്മിലുണ്ടായ തർക്കം ഉന്തിലും തള്ളിലുമാണ് അവസാനിച്ചത്. മറ്റു താരങ്ങളും റഫറിയും എത്തിയാണ് രംഗം ശാന്തമാക്കിയത്.

രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമം നടത്തിയ റയൽ മാഡ്രിഡിന് അതിനുള്ള അവസരങ്ങൾ ഉണ്ടായെങ്കിലും ഒന്നും മുതലാക്കാൻ കഴിഞ്ഞില്ല. മറുവശത്തു ബാഴ്‌സയുടെ അവസ്ഥയും സമാനമായിരുന്നു. അവസാന മിനിറ്റുകളിൽ ക്വർട്ടുവ തടഞ്ഞിട്ട മൂന്നു ഷോട്ടുകൾ ഉൾപ്പെടെ നിരവധി അവസരങ്ങൾ കാറ്റലൻ ക്ലബ് നഷ്‌ടമാക്കി.

സാവിയുടെ കീഴിൽ തുടർച്ചയായ രണ്ടാം എൽ ക്ലാസിക്കോ മത്സരത്തിലാണ് ബാഴ്‌സലോണ വിജയം നേടുന്നത്. മത്സരത്തിൽ ആധിപത്യം പുലർത്താൻ കഴിഞ്ഞു എന്നതിനാൽ തന്നെ പുതിയ സീസണിൽ ബാഴ്‌സലോണയുടെ പ്രതീക്ഷകൾ വർധിപ്പിക്കാൻ ഈ വിജയത്തിനു കഴിഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.